Wednesday, December 20, 2006

അക്ഷരദീപം

അ .....അമ്മ,
ആ..... ആയുധം ,
യുദ്ധം............,

അമ്മയുമുമ്മയും അലമുറയിടുന്നു,
ആരുമില്ലേ നേര്‍വഴി നയിക്കാന്‍?

ഇടയില്‍ക്കിടക്കുന്ന നെല്ലിനെയരിയാക്കിയും
ഈയരിച്ചോറുണ്ണും വയര്‍ വേറെന്നോര്‍ക്കാതെ

ഉരലുമുലക്കയും യുദ്ധമെരിപൊരി
ഊക്കുള്ളവന്‍ കലിതുള്ളിത്തിളയ്ക്കുന്നു.

എന്തിനായ് കേഴുന്നുവോ വിശക്കുംവയര്‍,
ഏതൊരു കോണിലും കാണ്മതില്ലാരുമേ.

ഐക്യമുടയ്ക്കുവാന്‍ നമ്മളുയര്‍ത്തുന്നു
ഒന്നായ നമ്മള്‍ക്കിടയില്‍ മതിലുകള്‍
ഓര്‍ക്കുകില്‍ ജീവിതമെന്തൊരു ദൈന്യത
ഔദാര്യമായി ഭവിക്കുമീ യാത്രയില്‍.

അക്ഷരദീപം കൊളുത്തിടാം പാതയി-
ലൊറ്റയ്ക്കല്ലെന്നു നാമന്യോന്യമോതിടാം.

പൊതുവാളന്‍:

Monday, December 18, 2006

ചിത(ഗതം)

അഗ്നിയെ ഭയമില്ല ,കൊളുത്തുവിന്‍
കത്തിയമരുവാന്‍ തന്നെ ജനിച്ചു ഞാന്‍.

പുതുമഴ തണുപ്പിച്ച നാള്‍‌കളിലീമണ്ണില്‍
പുതഞ്ഞു കിടന്നു തണുപ്പകറ്റി.
ചെറിയൊരു പുതുമുളയൊരുനാളീ-
ലോകത്തെപ്പതിയേ മിഴി തുറന്നെത്തി നോക്കി,
പ്രഭയാം കരങ്ങളാല്‍ മെല്ലെത്തഴുകിയാ
ഭാസ്‌ക്കരനെന്നെപ്പിടിച്ചുയര്‍ത്തി.

പാതയോരത്തു ഞാന്‍ നില്‍ക്കവെ
എന്നുടെ ശാഖകളെത്രപേര്‍ക്കാശ്രയമായ്
വാടിത്തളര്‍ന്നെത്തും യാത്രികരും
പിന്നെ പാറിത്തളര്‍ന്ന പറവകളും
വന്നിരുന്നു മമ ചുറ്റിലും എന്നുടെ
ഉള്‍പ്പുളകം പുഷ്പവൃഷ്ടിയായി.

പാത തൂക്കുവാന്‍ വന്നൊരാള്‍ ചൊല്ലി-
യിതെന്തു കഷ്ടമീ വന്‍‌മരം കാരണം,
പിന്നിലായിപ്പണിതൊരു കെട്ടിട-
മെന്‍‌തടിയാല്‍ മറഞ്ഞതെന്‍ നാശമായ്.

നിയമപാശവും നുണയുടെ വേലിയും
തീര്‍ത്തുകൊണ്ടെന്റെ തായ്‌വേരറുത്തവര്‍
ചിതലരിച്ചൊരെന്‍ ദേഹവുമിന്നിതാ
ചിതയൊരുക്കുന്നനാഥ ദേഹത്തിനായ്.

എന്റെ ജീവിതം സഫലമാകുന്നിതാ
അഗ്നി ശുദ്ധി ചെയ്യുന്നെന്റെ ജീവനെ
യാത്രയാകുന്നു പഞ്ചഭൂതങ്ങളായ്
മാറ്റമില്ലാത്തൊരൂര്‍ജ്ജപ്രവാഹമായ്.

Thursday, December 07, 2006

മാറ്റം (കവിത)

ആരോ വിളിച്ചുണര്‍ത്തുന്നു.

ഉണര്‍ന്നിരിക്കുന്ന ഈ ഉറക്കത്തില്‍ നിന്ന് ,
കണ്ടു കൊണ്ടിരിക്കുന്ന ഈ അന്ധതയില്‍ നിന്ന് ,
ബധിരത നടിക്കുന്ന കോലാഹലങ്ങളില്‍ നിന്ന്.

വീണ്ടും കലണ്ടര്‍ മാറ്റുവാന്‍ കാലമായ്.

പ്രായം പ്രദര്‍ശിപ്പിക്കുന്ന പ്രതലങ്ങളില്‍
അങ്ങിങ്ങ് ചില നിമ്ന്നോന്നതങ്ങള്‍,
വയസ്സൊന്നു കൂടി.

വരിക്കച്ചക്കക്കുരുവും അതിരിലെ പുളിമാങ്ങയണ്ടിയും
വീണ്ടുമീരില വിടര്‍ത്തി,
ഭൂതകാലത്തിലേക്ക് വന്മരമായി വളരാന്‍.

ചുറ്റിലുമെല്ലാം മാറുന്നു.

ഭരണം, മരണം, പ്രണയം-
പരിഭവമാര്‍ക്കുമില്ല, കാരണം
സ്‌നേഹമില്ലന്യോന്യമതിനായ് നേരോമില്ല.

അര്‍ത്ഥമില്ലാത്തൊരു വാക്കു മാത്രമോ ‘സ്‌നേഹം‘
വിപണി നല്‍കും രുചിയേറിയ ‘ദ്രുതഭക്ഷണം‘ ,
ജീവിതമനര്‍ത്ഥമായ്ത്തീര്‍ക്കുമീ ഗതിവേഗം
എങ്ങോട്ടു നയിക്കുമീ പുതിയ നൂറ്റാണ്ടിനെ?

മാറ്റമില്ലാതെയെന്നും തുടരും മാറ്റമാണീ,
കാലത്തിന്‍ മാറ്റമതിനൊരു മാറ്റവുമില്ല.