Friday, July 06, 2007

ഫെബ്രുവരി 14

പ്രിയേ നിനക്കായൊരു പ്രേമസുദിനം കൂടി
പ്രിയമേറും സന്ദേശമായെന്തെഴുതേണ്ടിന്നു ഞാന്‍?

കള്ളമെഴുതിക്കാതു പൊട്ടിക്കുന്ന കാട്ടാളനാകണോ?
കനലെരിയും കവിമനസ്സിന്‍ കവിടി നിരത്തണോ?
കറുത്തസത്യങ്ങളെപ്പേടിച്ച് കാട്ടിലലയണോ?
കടലലകള്‍ നീന്തിക്കടന്നു നിന്നരികിലെത്തണോ?

വിഷമയമീ ലോകമെന്നിന്നു ഞാന്‍ ചൊല്ലുകില്‍
വിഷപ്പാമ്പിന്‍ കൂട്ടിലടയ്ക്കുമെന്നെയീ ലോകം

എങ്കിലും ചൊല്ലാതെ വയ്യ
എന്‍ പ്രിയേ നീ കേള്‍ക്കുകില്ലേ?

പ്രണയം തെരുവില്‍ വില്‍ക്കും വില്പനച്ചരക്കെന്നു
വിശ്വസിപ്പിച്ചീടുന്നു കുത്തകത്താല്പര്യങ്ങള്‍
പ്രണയപ്രവാചകയായൊരു ഗോപികയും
പ്രത്യാശ വെടിഞ്ഞേകാന്തതയെ വരിക്കുന്നു

മര്‍ത്യ മാംസം കരിഞ്ഞുയരും തീഷ്ണഗന്ധം
പത്തുനൂറെണ്ണത്തിനെക്കൊന്നതിന്‍ ജയഘോഷം
പുതിയ സദാചാരസംഹിതാ രാമായണം
അഴകിയ രാവണന്മാരുടെ പേക്കൂത്തുകള്‍
പത്രധര്‍മ്മത്തിന്‍ മായക്കാഴ്ചകളിവ കണ്ട്
പുത്രധര്‍മ്മത്തിന്‍ മൂല്യച്യുതിയിന്നറിവൂ ഞാന്‍

കാഴ്ചയില്‍ മായാ,വര്‍ണ്ണ ശബള ലോകം ചുറ്റിലും
കഴുകന്‍ കന്‍ണ്ണുകള്‍ക്കിന്നിതുത്സവക്കാലം
കത്തിയമരുന്നതെന്‍ മാതൃത്വത്തിന്‍ മാനം
കുഞ്ഞു പെങ്ങള്‍ തന്‍ പുഞ്ചിരിപ്പൂക്കണ്ണാടി

നമ്മുടെ പ്രേമത്തിന്റെ സുന്ദര സ്വപ്നങ്ങളും
നമ്മുടെ മോഹത്തിന്റെ സാന്ത്വന സ്പര്‍‌ശങ്ങളും
കാലത്തിന്നാസുര പ്രളയ പ്രവാഹത്തില്‍
കാട്ടാറിന്‍ സംഗീതം പോല്‍ കളയായ്കിനിയും നാം.