Friday, July 06, 2007

ഫെബ്രുവരി 14

പ്രിയേ നിനക്കായൊരു പ്രേമസുദിനം കൂടി
പ്രിയമേറും സന്ദേശമായെന്തെഴുതേണ്ടിന്നു ഞാന്‍?

കള്ളമെഴുതിക്കാതു പൊട്ടിക്കുന്ന കാട്ടാളനാകണോ?
കനലെരിയും കവിമനസ്സിന്‍ കവിടി നിരത്തണോ?
കറുത്തസത്യങ്ങളെപ്പേടിച്ച് കാട്ടിലലയണോ?
കടലലകള്‍ നീന്തിക്കടന്നു നിന്നരികിലെത്തണോ?

വിഷമയമീ ലോകമെന്നിന്നു ഞാന്‍ ചൊല്ലുകില്‍
വിഷപ്പാമ്പിന്‍ കൂട്ടിലടയ്ക്കുമെന്നെയീ ലോകം

എങ്കിലും ചൊല്ലാതെ വയ്യ
എന്‍ പ്രിയേ നീ കേള്‍ക്കുകില്ലേ?

പ്രണയം തെരുവില്‍ വില്‍ക്കും വില്പനച്ചരക്കെന്നു
വിശ്വസിപ്പിച്ചീടുന്നു കുത്തകത്താല്പര്യങ്ങള്‍
പ്രണയപ്രവാചകയായൊരു ഗോപികയും
പ്രത്യാശ വെടിഞ്ഞേകാന്തതയെ വരിക്കുന്നു

മര്‍ത്യ മാംസം കരിഞ്ഞുയരും തീഷ്ണഗന്ധം
പത്തുനൂറെണ്ണത്തിനെക്കൊന്നതിന്‍ ജയഘോഷം
പുതിയ സദാചാരസംഹിതാ രാമായണം
അഴകിയ രാവണന്മാരുടെ പേക്കൂത്തുകള്‍
പത്രധര്‍മ്മത്തിന്‍ മായക്കാഴ്ചകളിവ കണ്ട്
പുത്രധര്‍മ്മത്തിന്‍ മൂല്യച്യുതിയിന്നറിവൂ ഞാന്‍

കാഴ്ചയില്‍ മായാ,വര്‍ണ്ണ ശബള ലോകം ചുറ്റിലും
കഴുകന്‍ കന്‍ണ്ണുകള്‍ക്കിന്നിതുത്സവക്കാലം
കത്തിയമരുന്നതെന്‍ മാതൃത്വത്തിന്‍ മാനം
കുഞ്ഞു പെങ്ങള്‍ തന്‍ പുഞ്ചിരിപ്പൂക്കണ്ണാടി

നമ്മുടെ പ്രേമത്തിന്റെ സുന്ദര സ്വപ്നങ്ങളും
നമ്മുടെ മോഹത്തിന്റെ സാന്ത്വന സ്പര്‍‌ശങ്ങളും
കാലത്തിന്നാസുര പ്രളയ പ്രവാഹത്തില്‍
കാട്ടാറിന്‍ സംഗീതം പോല്‍ കളയായ്കിനിയും നാം.

Sunday, June 03, 2007

പേടി (കവിത)

പേടിയില്ലെനിക്കിന്നു രാവിനെ -
പ്പകല്‍‌വെട്ടക്കാഴ്ചകള്‍ ഹൃദയത്തെ
വജ്രമായ് മാറ്റും നാളില്‍.

പേടിയില്ലെനിക്കിന്നു ചോരനെ
സമ്പാദ്യമായ് നിറയെയിരിപ്പുണ്ടെന്‍
ജല്പനം പെട്ടിക്കുള്ളില്‍ പൂ‍ട്ടിയില്ലതിന്‍
താക്കോലെവിടോ കളഞ്ഞു പോയ്.

പേടിയില്ലെനിക്കിന്നു നോവിനെ
ഇന്നേവരെ നീന്തിയ നോവിന്ന-
ലയാഴിയേക്കാള്‍ വലുതുണ്ടോ?.

പേടിയില്ല വിഷം ചീറ്റുന്ന സര്‍പ്പത്തിനെ
ഹേതുവില്ലാതെ കാലനാകുവാന്‍ മടിക്കാത്ത
മര്‍ത്യജന്മങ്ങളെത്ര കണ്ടു ഞാനീ ജഗത്തില്‍ .

പേടിയില്ല പ്രേതങ്ങളെ, പ്രേമമെന്ന കുരുക്കാല്‍ ‍ഞാന്‍
ചൂണ്ടിയില്ലാരുടേയും സ്വപ്നങ്ങളെ,പ്രണയിനി
വെടിഞ്ഞില്ല പ്രാണന്‍ പുന:യിഹലോകം.

പേടിയില്ല മന:സ്സാക്ഷിയാകും സര്‍വ്വ സാക്ഷിയേയും
നേര്‍വഴിക്കു നടക്കയാലവനുടെ ചൊല്ലു പോലെ.

പേടിയില്ല മരണത്തെ അറിയുന്നു ഞാനതെന്നും
കൂടെത്തന്നെ ചരിക്കുന്നെന്‍ നിഴല്‍ പോലെ അകലാതെ
പ്രാണനെന്ന കുമിളയില്‍ നിറയുന്ന ശ്വാസവായു
നിലയ്ക്കുന്ന നിമിഷാര്‍ദ്ധം പ്രതീക്ഷിച്ചു നടപ്പൂ ഞാന്‍.

പേടിയില്ലാപ്പാട്ടു പാടി പേടിയെ ഞാന്‍ പേടിപ്പിച്ചോ?
പേടിക്കേണ്ട പേടിയേ നീ പേടിയെനിക്കുണ്ടു താനും,
ജീവിതത്തെയതാണെന്നെ പേടിപ്പിച്ചോണ്ടിരിക്കുന്നു
.

Sunday, May 20, 2007

സെഡ്യൂക്കേഷന്‍ അഥവാ സെക്സ് എജ്യൂക്കേഷന്‍

സ്കൂളുകളിലെ ലൈംഗിക വിദ്യാഭ്യാസം ചര്‍ച്ചാവിഷയമായിക്കൊണ്ടിരിക്കുന്ന ഈയവസരത്തില്‍ ,അതു സംബന്ധമായി വായിച്ച, ചര്‍ച്ച ചെയ്യപ്പെടേണ്ടതാണെന്ന് എനിക്ക് തോന്നിയ ഒരു ലേഖനം ബൂലോഗര്‍ക്കു മുന്‍പിലേക്ക് എത്തിക്കാനൊരു ശ്രമമാണിത്.

2007 ഏപ്രില്‍ 12ന്റെ കേരള കൌമുദിയില്‍ എക്സ്‌ക്ലൂസീവ് പേജില്‍ കാണാപ്പുറം എന്ന കോളം കൈകാര്യം ചെയ്യുന്ന സെബിന്‍ എ ജേക്കബ് എന്ന ലേഖകന്‍ ‘പള്ളിക്കൂടത്തിലെ രതിയും, രേണുകയുടെ മൊഴിയും’ എന്ന പേരില്‍ ലൈംഗികവിദ്യാഭ്യാസത്തെക്കുറിച്ച് ഒരു ലേഖനം എഴുതിയിട്ടുണ്ട്. പലരും കണ്ടവരും വായിച്ചവരും ആയിരിക്കും ,കാണാത്തവര്‍ക്കായി
ലിങ്ക് ഇവിടെ.

നമ്മുടെയൊക്കെ കുട്ടികളുടെ ഭാവിജീവിതത്തേക്കൂടി ബധിക്കുന്ന ഒരു വിഷയമാണല്ലോ എന്നു തോന്നിയതിനാല്‍ ബൂലോഗത്തുള്ള പലര്‍ക്കും ഇതില്‍ കാര്യമായി പറയാനുണ്ടാകും എന്നു കരുതി വിഷയാധിഷ്ഠിതമായി തുറന്ന ചര്‍ച്ചകള്‍ക്കായി ഇവിടൊരു വേദിയൊരുക്കുന്നു.

Tuesday, May 08, 2007

മെഴുകുതിരി (കവിത)

വെള്ളിടിത്തീ പോലെ വന്നൊരു വാര്‍ത്ത
യിന്നെന്നെ മരവിച്ചു നിര്‍ത്തിയൊരു ക്ഷണം.
ഏപ്രിലൊന്നാം ദിനമാരോ പറഞ്ഞൊരു
കള്ളമെന്നാദ്യം കരുതി സഹിച്ചു ഞാന്‍.

നിന്റെ കൈയിലെ പച്ചഞരമ്പു മുറിച്ചത്
ജീവിതസ്വപ്നങ്ങള്‍ക്ക് ശോണിമ പോരാഞ്ഞോ?
നിന്റെ മിഴിയിലെ കണ്ണീര്‍ വറ്റിയതെന്റെ
തിളയ്ക്കുമൊരഗ്നിപര്‍‌വതമായ മനസ്സില്‍
നിന്നു ചിതറിയൊഴുകും ലാവയുടേറിയ ചൂടില്‍
ഏകയായിത്രനാളെന്നെ കാത്തിരുന്നിട്ടോ?

ഏതളവുകോലാലളന്നു നീ കാലമാം
കുത്തിയൊഴുക്കിനെ,സ്മരണ തന്‍ പച്ചപ്പു-
തേടിയലയും കിനാവിന്‍ പ്രകാശവേഗങ്ങളെ
ഏകാന്തതയ്ക്കു കൂട്ടായി വന്നുവോ വിഭ്രമം?

ഭാരങ്ങളൊക്കെയൊഴുക്കിക്കളയാന്‍ മുതിരവേ
എന്തേ നിനച്ചില്ലയെന്നെ, കെടുതിതന്‍
കാണാക്കയത്തില്‍, കടക്കെണിച്ചുഴികളില്‍
തുഴ പോലുമില്ലാത്ത തോണിയായലയുമാത്മാവിനെ?

ഇല്ലിനി വരില്ലെന്നു കരുതിയൊ?,പൊന്‍‌നാളമായ്
തിരി തെളിഞ്ഞൊരെന്‍ പൂവിനെ തൊട്ടു തലോടുവാന്‍.

ഇവിടെത്തിളയ്ക്കുന്ന നട്ടുച്ചയില്‍, ലോകമെല്ലാമുറങ്ങുന്ന -
പാതിരാവില്‍, സമയകാലങ്ങളില്ലാതെ സ്വയമുരുകി വീഴുവാന്‍
‍തീജ്വാലയായ് നിങ്ങള്‍ നിനവിലില്ലേ?,അതില്ലാതെയാവുകില്‍
ആ ജ്വാലയണയുകില്‍ പിന്നെയീ മെഴുകിനുപയോഗമെന്ത്?

സമര്‍പ്പണം :അഗ്രജന്‌.

Friday, May 04, 2007

മെയ് മാസം വന്നെന്നു പറയുനതാര്

ഒരിക്കല്‍ക്കൂടി വിപ്ലവാഭിവാദ്യങ്ങളുമായി മെയ്‌ ദിനത്തിന് സ്വാഗതമോതി...

Saturday, March 03, 2007

പ്രതിഷേധം

My protest against plagiarisation of Yahoo India! യാഹൂവിന്റെ ചോരണമാരണത്തില്‍ എന്റെ പ്രതിഷേധം


Yahoo! India plagiarised contents from several blogs when Yahoo! launched their Malayalam portal.
The giant corporation hasn't yet owned up to their responsibilitynor did they apologize to the bloggers.
When accused, they silently removed the contents. This is not acceptable.
We need an apology!
When asked for apology, Yahoo! India is now accusing WebDunia as their content provider.
The contents appeared on Yahoo! domain and not on Webdunia's Domain.
Hence,
we hold Yahoo responsible.
I am
protesting against this and joining hundreds of bloggers in this march against blatant corporate plagiarisation.

യാഹൂ ഇന്ത്യയുടെ മലയാളം പോര്‍ട്ടലില്‍, മലയാളം ബ്ലോഗുകളില്‍ നിന്ന് കുറിപ്പുകള്‍ മോഷ്ടിച്ച് ഇട്ടിട്ടുണ്ട്.
പരാതിപ്പെട്ടവരുടെ കുറിപ്പുകള്‍ നീക്കം ചെയ്യുക എന്നല്ലാതെ, ഉത്തരവാദിത്തം ഏറ്റെടുത്ത്, ഒരു ഖേദപ്രകടനം നടത്താന്‍, ഇത്രയും നാളായിട്ട് അവര്‍ തയ്യാറായിട്ടില്ല.

തെറ്റ് നടന്നു എന്ന് വ്യക്തമായ സ്ഥിതിയ്ക്ക്, ബൂലോഗ‍ കൂട്ടായ്മയോട് അവര്‍ മാപ്പ് പറയേണ്ടത് ആവശ്യമാണ്.
മാപ്പ് പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍, യാഹൂക്കാര്‍, അവര്‍ക്ക് കുറിപ്പുകളൊക്കെ
സംഭാവന നല്‍കിയത് വെബ് ദുനിയ എന്ന കമ്പനിയാണെന്ന് പറഞ്ഞ്, ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയാന്‍ ശ്രമിക്കുകയാണ്. മോഷ്ടിക്കപ്പെട്ട കുറിപ്പുകള്‍ വന്നിരിക്കുന്നത്, യാഹൂവിന്റെ വെബ് സൈറ്റില്‍ ആണ്. വെബ് ദുനിയയുടെ സൈറ്റില്‍ അല്ല.

അതുകൊണ്ട് യാഹൂ മാത്രമാണ്,അതിന്റെ ഉത്തരവാദികള്‍ എന്ന് ബൂലോഗം ഉറച്ച് വിശ്വസിക്കുന്നു.

യാഹൂ എന്ന വന്‍‌കിട കുത്തക സാമ്രാജ്യത്തിന്റെ
ചോരണമാരണത്തിന് എതിരായി, ബൂലോഗകൂട്ടായ്മയിലെ ഒരു അംഗം എന്ന നിലയ്ക്ക്, ഈ പ്രതിഷേധത്തില്‍ ഞാനും പങ്കുചേരുന്നു.

യാഹൂ മാപ്പ് പറയുക.Thursday, March 01, 2007

ചക്രായനം

ചക്രം കറങ്ങിയാണെങ്കിലും ചക്രമുണ്ടാക്കണം
ചക്രമുണ്ടാക്കാനന്യനെ ചക്രശ്വാസം വലിപ്പിക്കരുത്.

വെറുതെ ഒരു ചിന്ത.

Thursday, February 15, 2007

അശനിപാതം ( കവിത)

പ്രണയം പൂക്കുന്ന രാത്രികള്‍ക്ക്
ബോധം നശിപ്പിക്കുന്ന ഇരുട്ട് കൂട്ട്
പ്രബോധനവുമായി വന്നൊരാള്‍
പ്രണയത്തിന്റെ ഇരുട്ടറകള്‍ പൂകി

ഇന്ദ്രിയസുഖങ്ങള്‍ക്കപ്പുറം
ജീവിതം മറ്റൊന്നല്ലെന്ന നിനവില്‍
ഇരുട്ടറകളിലുള്ളതെല്ലാം പകല്‍ -
മാന്യതയുടെ മുഖം‌മൂടി ചൂടി
പരവേശം മൂര്‍ച്ഛിച്ചപ്പോള്‍
അവനവന്റെ ചോര തന്നെ
ആവോളം കുടിച്ചു

രതിയുടെ വളര്‍ച്ചാസൂചിക
തിരിച്ചിറങ്ങാത്തൊരാകാശനൌകയാകാന്‍
പുത്തനിന്ധനം നിറച്ച് കുതിച്ച പരീക്ഷണപ്പറക്കലില്‍
ചിറകൊടിഞ്ഞ് തീപ്പിടിച്ച് നിലം പതിച്ചു.

Wednesday, February 14, 2007

ഒരു കൊച്ചു ചിന്ത.

സത്യം ചാരം മൂടിക്കിടക്കുന്ന കനലാണെങ്കില്‍ ,അസത്യം സൌന്ദര്യത്തിന്റെ വര്‍ണ്ണശബളിമ എടുത്തണിഞ്ഞ് ഏതു സൂര്യനേയും മോഹിപ്പിക്കാനാവുമെന്ന ഗര്‍വ്വ് നടിച്ച് നില്‍ക്കുന്ന കടലാസ് പൂക്കളല്ലേ?.

Monday, February 12, 2007

വൈകിയുദിക്കുന്ന വിവേകം.

ചിതലരിച്ച വാതിലും മഴവന്നാല്‍ ചോരുന്ന മേല്‍ക്കൂരയുമുള്ള കൂട്ടില്‍ അവളും അനിയത്തിയുമായിരുന്നു താമസം.

അനിയത്തി ഇത്തിരി അഹങ്കാരിയുമായിരുന്നു.തിന്നാനെന്തു കിട്ടിയാലും തന്റേതുകൂടി തട്ടിപ്പറിച്ച് ശാപ്പിടുന്ന അനിയത്തിയോടെന്നും അവള്‍ക്കു വെറുപ്പായിരുന്നു.

അങ്ങനെയുള്ളൊരു കലഹത്തിനിടെ ഇന്നലെ ആകാശത്ത് വട്ടമിട്ട് പറന്ന ഒരു കഴുകന്‍ അനിയത്തിയെ റാഞ്ചിയേടുത്തപ്പോള്‍ അവളുടെ മനസ്സില്‍ ആഹ്ലാദം നുരഞ്ഞിരുന്നുവോ?

ഇപ്പോള്‍ അവളുടെ കാലിലവന്‍ പിടുത്തമിട്ടപ്പൊള്‍ അവള്‍ ഓര്‍ത്തു ,‘ദുഷ്ടയാണെങ്കിലും ആര്‍ത്തിപ്പണ്ടാരമാണെങ്കിലും അനിയത്തിയുണ്ടായിരുന്നെങ്കില്‍ ഒച്ചയുണ്ടാക്കി ഗൃഹനാഥനെ ഉണര്‍ത്തുമായിരുന്നു.‘

ഇനിപറഞ്ഞിട്ടെന്താ വൈകിപ്പോയി.

Saturday, February 10, 2007

നിങ്ങളുടെ വീതം ( കവിത )

പത്രത്താളുകള്‍ മറിക്കുവാന്‍ ഭയമാണ്,
ഉള്‍‌വലിയാമെന്നാകില്‍ എവിടെയെന്‍ പുറന്തോട്‌?
മുയലിന്‍ കുതിപ്പുമയ് തലമുറ പറന്നതീ,
മുള്‍‌പ്പടര്‍പ്പുകള്‍ മൂടും തമസ്സിന്‍ ലോകത്തേക്കോ?

അരക്ഷിതത്വം ഘോരമേഘമാലകളായീ
സന്തോഷതീരത്തിനെ ഭീതിയായ് മൂടുന്നുവോ?
നിസ്സം‌ഗത മഞ്ഞു പാളി പോല്‍മേല്‍ മേല്‍ വന്നടിയുന്നോ വീണ്ടും?

അരുതു കാട്ടാളത്തമെന്നു ചൊല്ലിയ
കവിയിന്നു മൌനത്തിന്റെ പിന്നിലൊളിക്കുന്നോ?
എഴുതിപ്പഠിച്ചതും പാടിപ്പതിഞ്ഞതു-
മെല്ലാം ജലരേഖ പോലെ മറയുന്നു.

സാത്താന്‍,സുഖഭോഗ മോഹങ്ങളായ് വന്നാ
കണ്ണിന്റെ കാണാനുള്ള കഴിവും കെടുത്തിയീ
മര്‍ത്യനെ മാടായ് മാറ്റു,മതിനില്ലാല്ലോ-
മാതാവേതെന്ന നിനവുകള്‍,സിരയില്‍
രതി ദാഹം ജ്വാലയായ് പടരുമ്പോള്‍.

എന്നുമുണ്ടോരോ വാര്‍ത്ത:
കുട്ടിയെ കാണാനില്ല,പീഠന പര‍മ്പര
മാതാക്കള്‍, പിതക്കന്‍‌മാര്‍,ഗുരുവും പ്രതിക്കൂട്ടില്‍.

ഭയമാണെല്ലാവര്‍ക്കുമന്യോന്യം,
ആര്‍ക്കെപ്പോഴാണ് പുതിയ-
യുഗത്തിന്റെ പേബാധ തുടങ്ങുക,
രതി തന്‍ ചതിയുടെ ദംഷ്ട്രകള്‍ മുളയ്ക്കുക
എന്നറിയില്ലല്ലോ,എന്റെകുഞ്ഞിനെ
ഞാനെങ്ങനെപ്പകല്‍ വെട്ടത്തിലും
പാതയിലൊറ്റയ്ക്കു യാത്രയാക്കും?.

പാഴ്‌വിചാരങ്ങളാണെന്നാലുമിന്നെന്‍ നെഞ്ചില്
‍പേറുന്ന ഭാരം നിങ്ങള്‍‌ക്കെല്ലാര്‍ക്കും വീതിക്കാം ഞാന്‍.

Thursday, February 08, 2007

മലയാളം (കവിത)സ്നേഹത്തിന്റെ തേനുറവ വറ്റാതെ അന്തിക്കു കൂടണയുന്ന മക്കളെയും കാത്തിരിക്കുന്ന എല്ലാ അമ്മമാര്‍ക്കും.......

അമ്മേ, നിന്റെ താരാട്ടുപാട്ടിലെ
വര്‍ണ്ണ മാരിവില്ല് മലയാളം

നീ ചുരത്തിയൊരമൃതബിന്ദുവിന്‍
‍ജീവമാധുര്യം മലയാളം

നിന്റെയക്ഷയ പാത്രമേകുന്ന
കഥകളെന്നുമെന്‍ മലയാളം.

ഞാന്‍ പിറന്നൊരാ ഗ്രാമഭൂമിതന്‍
മന്ദഹാസം മലയാളം.

കവിതമൂളിക്കൊണ്ടൊഴുകുമരുവിതന്‍ ‍
കളകളാരവംമലയാളം.

സ്നേഹഭാവനയ്ക്കിമ്പമേകുന്ന
താളമെന്നും മലയാളം.

ഭാവഗീതികള്‍ക്കീണമേകുന്ന
രാഗമെന്നും മലയാളം.

നിന്റെ മക്കളീ ലോകമൊട്ടുമേ
നിന്‍ യശസ്സുയര്‍ത്തീടവെ-

നിര്‍മ്മലന്മാരാം എന്റെ സോദരര്‍-
ക്കമ്മ തന്നെ മലയാളം.

കാഞ്ഞിരോടന്‍(കാസറഗോഡന്‍) മലയാളം
ഇവിടെ

Wednesday, January 31, 2007

കാസറഗോഡ് നിഘണ്ടു 2

വിസ്‌മൃതമായിക്കൊണ്ടിരിക്കുന്ന ഒരു സങ്കരഭാഷാ സംസ്ക്കാരത്തിന്റെ സൂചികകളാകേണ്ട , അച്ചടിയും വിദ്യാഭ്യാസവും സാര്‍വത്രികമായി മലയാളത്തിന്റെ ലിപിഭാഷ പുതുതലമുറകള്‍ നേടുന്ന മുറയ്ക്ക് അന്യമായിക്കൊണ്ടിരിക്കുന്ന കുറേ ഗ്രാമ്യപദങ്ങള്‍ കോര്‍ത്തിണക്കി(എന്റെ പരിമിതമായ അറിവു വെച്ച്) മുന്‍പ് പ്രസിദ്ധീകരിച്ച കാസറഗോഡ് പ്രാദേശിക നിഘണ്ടു ഒന്നാം ഭാഗത്തിനൊരു രണ്ടാം ഭാഗം ഇതാ ഇവിടെ.

കടച്ചക്കല്ല് = അരകല്ല്
കടയങ്കല്ല്.= അരകല്ല്
കണ്ടം= വയല്‍
കണ്ടം =കഷണം
നാട്ടി =നെല്‍കൃഷി
പയ്യു=പശു
കരക്ക=തൊഴുത്ത്
കരക്കര= വിഷമം( വിഷാദം,മൂഡൌട്ട്)
നാനായി,=ഇടങ്ങഴി
എട്ങായി=ഇടങ്ങഴി അളവുപാത്രം
നായി=നാഴി
ഒയക്കായി=നാഴിഅളവുപാത്രം
ഉരി=1/2നാഴി
നായി=നായ
അന്തിമോന്തി=സായംസന്ധ്യ ,തൃസന്ധ്യ
മോന്തി, മോന്തിക്ക്=രാത്രി, രാത്രിയില്‍
‍രാക്കൊണ്ടേ= അതിരാവിലെ(പുലര്‍ച്ചെ)
നട്ടി= പച്ചക്കറി
പറങ്കള്=മുളക്
കൊത്തമ്പാരി= മല്ലി
കടു= കടുക്
ചെരങ= മത്തന്‍
പട്‌ളക്കായി= പടവലങ്ങ
താരോപ്പെരങ്ങ=നരമ്പന്‍
‍കോയക്ക= കോവക്ക
ബൈനിങ= വഴുതിനങ
ബ്ലാത്തിച്ചക്ക=ശീമച്ചക്ക
ഞാറ്= നെല്‍ച്ചെടി
മൂരുക= കൊയ്യുക
മൂര്‍ച്ചപ്പണി= കൊയ്ത്ത്
തോട്ടം= കവുങിന്‍‌ തോട്ടം
മാച്ചിപ്പട്ട= കവുങിന്റെ ഒലി
പാള= കവുങിന്‍ പോള
തള= തളപ്പ്
മാച്ചി= ചൂല്
പൊഞ്ഞാറ്= വിരഹദു:ഖം
ബേജാറ്= വിഷമം
ബായിക്ക്ട്=ശകാരം
കലമ്പ് =വഴക്കുകൂടുക
പുല്‍ത്തല്, പുല്‍ത്തി=ശകാരിക്കുക, ശകാരിച്ചു
തയ്ക്കുക,തച്ചു =അടിക്കുക,അടിച്ചു
മേടുക, മേട്ടം= കിഴുക്കുക, കിഴുക്ക്
അടിക്കുക= തയ്ക്കുക( ഉദാ:കുപ്പായം അടിക്കുക)
തല്ലാക്കുക= അടിയുണ്ടാക്കുക
ബായ=വാഴ
ബായി= വായ്
കായി= പഴം
കോയ= കോവ(കോവല്‍)
ആരി=ആര്
ഓന്‍= അവന്‍
ഓള്=അവള്‍
ഓള്=ഭാര്യ
ഓന്റെ ഓള്= അവന്റെ ഭാര്യ
ഓറ് =അവര്‍(അദ്ദേഹം)
‍അപ്പ്യ=അവര്‍
ഇപ്പ്യ= ഇവര്‍
‍മോട്ടന്‍ = മുടന്തന്‍
തമ്മിക്കുക= സമ്മതിക്കുക
മംഗലം= കല്ല്യാണം
പൊടമുറി= കല്ല്യാണം
പൊടമുറിക്കാരന്‍= വരന്‍
ഒറ്റക്കോലം= രാത്രിയില്‍ നടത്തുന്ന വിഷ്ണുമൂര്‍ത്തി തെയ്യക്കോലത്തിന്റെതീയാട്ടം.
ബാ=വരൂ
ബെരൂന്‍=വരൂ(ബഹുമാനത്തോടെ)
പോട്=പോകൂ
പോഊന്‍= പോകുവിന്‍(ബഹുമാനത്തോടെ)
ഓട്ത്തു=എവിടെ
തെളിപ്പ്= സഞ്ചയനം (ഒരു മരണാനന്തരക്രിയ)
പോന്നത്= പോകുന്നത്
ബെര്ന്നത്= വരുന്നത്
തംശ്യം(തമിശ്യം)= സംശയം
ചോയ്ക്കുക= ചോദിക്കുക
കയ്‌മ= കൈയില്‍
കാരിച്ചി= കറുത്ത പെണ്ണ്(ഒരു പേര്)
വെള്ളച്ചി= വെളുത്തപെണ്ണ് (ഒരു പേര്)
തണാറ്= തലമുടി
നൊമ്പലം= വേദന
തലാമ്പലം= തലവേദന
പള്ള =വയറിന്റെ വശം ( കക്ഷത്തിനു താഴെ)
ചൊമ= ചുമ
കാറുക= ഛര്‍ദ്ദിക്കുക
തൂറുക= മലവിസര്‍ജ്ജനം ചെയ്യുക
പൊറത്ത് പോക്ക്= വയറിളക്കം
പള്ളമ്മല്‍= ചെരിവില്‍
കുന്നിന്റെ പള്ള = കുന്നിന്‍ ചെരിവ്
എരിഞ്ഞി= ഇലഞ്ഞി മരം
പേരാല്‍= പേരമരം
ചിമ്മിണിക്കൂട് =മണ്ണെണ്ണ വിളക്ക്
ചിമ്മിണി,ചിമ്മിണി എണ്ണ=മണ്ണെണ്ണ
ബെറ്‌= വിറക്
ബെറ് കൊത്തുക= വിറക് പൂളുക
തുള്ളുക=ചാടുക
ചാടുക= കളയുക
ചട്ട്വം=ചട്ടുകം
പൂള്=കഷണം
കൊള്ളി=മരച്ചീനി
കൊള്ളി=വിറക്
കൊള്ളികൂട്ടുക= ചിതയൊരുക്കുക
ബാതില്= വവ്വാല്
ബണ്ണാന്‍=ചിലന്തി
വണ്ണാന്‍= തെയ്യക്കോലമണിയുന്ന സമുദായങ്ങളില്‍ ഒന്ന്.
അച്ച്‌ള്= ഒച്ച്
കൂറ= പാറ്റ
കണിയാന്‍= തുമ്പി
കണിയാന്‍= (ഗണകന്‍)ജ്യോതിഷം കുലത്തൊഴിലായ ഒരു സമുദായക്കാരന്‍.
ഉണ്ട്ലിക്കം= ഒരു അപ്പം
മൂഡ= പഴുത്ത ചക്ക കൊണ്ടുണ്ടാക്കുന്ന ഒരു തരം അപ്പം
ബെരു=പഴയ കാലത്ത് നെല്ലുണക്കാനും മറ്റും അടുപ്പിനു മുകളില്‍ തൂക്കിയ്യിടാറുള്ള മുളകൊണ്ടുണ്ടാക്കുന്ന തട്ട്.
തടുപ്പ= മുറം

ഇതില്‍ എല്ലാം കാസറഗോഡന്‍ വാക്കുകള്‍ മാത്രമാണെന്നൊന്നും അവകാശപ്പെടാന്‍ ഞാനില്ല,ഒരുപക്ഷെ മറ്റെവിടെയെങ്കിലും ഉപയോഗത്തിലുണ്ടാവാം എനിക്കറിയില്ല.
ഇനിമുതല്‍ ഭാഷ മനസ്സിലാക്കാന്‍ പ്രയാസമാണെന്ന് പറഞ്ഞാരും ചരിത്രമുറങ്ങുന്ന കോട്ടകളുടെ നാടായ കാസറഗോഡേക്കു വരാതിരിക്കണ്ട.

എല്ലാവര്‍ക്കും സ്വാഗതം.

Monday, January 29, 2007

മുന്‍‌വിധി (കവിത)

ഒരു നാള്‍ വരും
ദിഗ്‌വിജയങ്ങള്‍ക്കുമപ്പുറം
ആറടിമണ്ണൊഴിച്ചൊന്നും
നിനക്കുള്ളതല്ലെന്ന വിധി വരും.

അതിനെയൊരു തടസ്സവിധിയും
നേടി നേരിടാനാവില്ല.

പരോളിലിറങ്ങിയ പ്രതിയായ
നിന്നെത്തിരഞ്ഞുനടക്കുന്നു,
ശൂന്യതയാല്‍ തീര്‍ത്തൊരു-
ചാണ്‍‌കയറുമായേതോ കാലം.

ഓടിയൊളിക്കാം,കളിക്കാം,
കളിപ്പിക്കാം, കളി കണ്ടു രസിക്കാം,
ഞാനെന്നഹങ്കരിച്ചീടാം.
മനസ്സെന്ന മായാമൃഗം
സ്വപ്നത്തേര്‍ വലിച്ചാ-
ദിനമണയും വരെ,
ശ്വാസമകലും വരെ.

Sunday, January 14, 2007

അതിവേഗ പാത (കവി താ)

പാതയതിവേഗം മുന്നോട്ടു കുതിക്കുന്നു,
പുറകെ ഞാനും.

പണ്ടിന്റെ ചരിത്ര വണ്ടികള്‍ കാളകള്‍ വലിച്ചു നീക്കിയ
പാ‍ണ്ടികശാലകലിലേക്കധികാരം നടന്നു കയറിയ
ചെമ്മണ്‍ പാതകളെ നിങ്ങളെ മറന്നിടാം.

ഫണ്ടിന്റെ പുത്തന്‍ പേടകം ശീഘ്രമറയിലെത്തണം
പളപള മിന്നുന്ന നൂതന വാഹനം
പായണമതിവേഗം കാല്‍ തൊട്ടു തല വരെ.

മുടക്കും നീയിക്കാര്യം മിണ്ടിയാല്‍,
മടിക്കാതെയൊടുക്കം പറഞ്ഞീടാമപ്പൊളെന്റേതായീടും.

അരുതേയൊരിക്കലും കണ്ടതു ചൊല്ലീടല്ലേ
അഥവാ കാണുന്നെങ്കിലെന്‍ കണ്ണിലൂടെ കാണൂ.