Thursday, November 23, 2006

കാസറഗോഡ്: പ്രാദേശിക നിഘണ്ടു

കാസറഗോഡ്‌: പ്രാദേശിക നിഘണ്ടു
കാഞ്ഞിരോട്‌ =കാസറഗോഡ്‌
കുഞ്ഞി = കുട്ടി
ഇച്ചാല് =തൊട്ടില്‍
കംബായം = ലുങ്കി
ബെല്ലിച്ചന്‍ = മുത്തച്ഛന്‍
‍ബെല്ലിമ്മ =മുത്തശ്ശി
തൊണ്ടന്‍ =കിഴവന്‍
തൊണ്ടി =കിഴവി
മച്ചിനിയന്‍ =മച്ചുനന്‍ (മുറച്ചെറുക്കന്‍)
മച്ചിനിച്ചി =മുറപ്പെണ്ണ്‌(മാതൃ സഹോദരന്റെ,പിതൃസഹോദരിയുടെ മക്കള്‍)
ഏട്ടന്‍ = ചേട്ടന്‍
ഏട്ടി =ചേച്ചി ( ചേട്ടത്തിയമ്മ)
എളേപ്പന്‍ = കൊച്ചച്ഛന്‍( അച്ഛന്റെ അനുജന്‍, അമ്മയുടെ അനുജത്തിയുടെഭര്‍ത്താവ്‌ )
എളേമ്മ = അച്ഛന്റെ ,അമ്മയുടെ അനുജത്തി.
മുത്തപ്പന്‍ =അച്ഛന്റെ ചേട്ടന്‍,അമ്മയുടെ ചേച്ചിയുടെ ഭര്‍ത്താവ്‌
മൂത്തമ്മ =അച്ഛന്റെ ,അമ്മയുടെ ചേച്ചി
വന്നിന് = വന്നിരുന്നു
പോയിന് =പോയിരുന്നു
ആട = അവിടെ
ഈട = ഇവിടെ
ഏട = എവിടെ
കാലി = പശു
എരുത് =കാള
ഞേങ്ങല് =കലപ്പ
ഒദംബ = പാത്തി(വെള്ളം തേവാന്‍ ഉപയോഗിക്കുന്നു)
ഓളിയ = ചാല് (കൃഷിയിടത്തില്‍ വള്ളം ഒഴുക്കുന്ന)
കൂഅല് = കൃഷിയിടത്തിലെ ചെറിയ വെള്ളക്കുഴി
പാനി = കുടം
മുരുട = മൊന്ത
പോലി =ഏഷണി
എന്തന്ന്‌ (എന്ത്യേന്‍) =എന്താണ്
ആക്കുന്നത് = ചെയ്യുന്നത്‌
മേങ്ങുക = വാങ്ങുക
വിക്കുക =വില്‍ക്കുക
കക്കന്‍ = വിക്കന്‍ ( വിക്കുള്ളവന്‍)
കോസുക്കണ്ണന്‍ = കോങ്കണ്ണന്
‍പിഞ്ഞാണം (കുഞ്ഞാണം) = പ്ലേറ്റ്‌
കൂട്ട്വേന്‍ = കറി
കയില് =തവി
കുള്ത്ത്‌ = പഴങ്കഞ്ഞി
കോരിക്ക്‌ടി = സ്പൂണ്
ഉണ്ട (പലഹാരം) = കൊഴുക്കട്ട
ഒലക്ക =ഉലക്ക
കൈക്കോട്ട്‌ =മണ്‍വെട്ടി
പിക്കാസ് =തൂംബ
മൌ =മഴു
തെരയുക = ഉരുളുക
ചാടുക =കളയുക
ചത്തു = മരിച്ചു
പെറ്റു = പ്രസവിച്ചു
തെരളുക = ഋതുമതിയാകുക
കരിപ്പക്കാരിത്തി = ഗര്‍ഭിണി
കരിപ്പം = ഗര്‍ഭം
അടിയന്തിരം (ചാവ്‌) = പുലകുളി ( മരണാനന്തരക്രിയ)
ചേരല് = ചേര് (കശുമാവല്ല)
ജാതി =തേക്ക്‌
പറങ്കി മാവ്‌ = കശുമാവ്‌
കൊരട്ട =കശുവണ്ടി
ഈന്ത്‌ = ഈന്തപ്പന
എളന്നറ്‌ =ഇളനീ
ര്‍കരിങ്കന്ന്‌ = പഴുതാര
ചേരട്ട =തേരട്ട
ഒള്ള = നീര്‍ക്കോലി
കെട്ടെളേപ്പന്‍ =ശംഖുവരയന്‍
മണ്ഡലി =അണലി
കരിനാടന്‍ =രാജവെമ്പാല
കോയി = കോഴി
ന്പ്പുല്ല്‌ = വൈക്കോല്‍
പുല്ലുങ്കയ = വൈക്കോല്‍ത്തുറു
പിന്മൊഴിയിലൂടെ ഒഴുകിയൊഴുകി ഇവിടെയെത്തിയപ്പോള്‍, കുറച്ച്‌ നാള്‍ മുമ്പ് എന്റെയൊരു സുഹൃത്ത്‌ കോളിച്ചാല്‍മധു ആവശ്യപ്പെട്ടതനുസരിച്ച്‌ ചെയ്യണമെന്നുദ്ദേശിച്ച്‌ നിരന്തരം മാറ്റിവെച്ചുകൊണ്ടിരിക്കുന്ന ഒരു വിഷയമാണല്ലൊ ഇതെന്നോര്‍ത്തു.
പിന്നെ താമസിച്ചില്ല പെട്ടെന്നോര്‍മ്മയില്‍ വന്ന കുറേയെണ്ണം എടുത്തു നിരത്തി ,ഇതില്‍ എല്ലാം കാസറഗോഡന്‍ വാക്കുകള്‍ മാത്രമാണെന്നൊന്നും അവകാശപ്പെടാന്‍ ഞാനില്ല,ഒരുപക്ഷെ മറ്റെവിടെയെങ്കിലും ഉപയോഗത്തിലുണ്ടാവാം എനിക്കറിയില്ല.
എന്റെ അറിവില്‍ ഇവയൊക്കെ ബഹുഭാഷാ സംഗമ ഭൂമിയായ കാഞ്ഞിരോ‍ട്ടുകാരുടെ മണ്മറഞ്ഞുപോയിക്കൊണ്ടിരിക്കുന്ന നിഷ്ക്കളങ്കതയുടെ നിക്കൂട്ടുകളാണ്.അതിനാല്‍ എന്നെയാരും ചോരരാജാവെന്ന ബഹുമതി തന്ന് , ഒടിവായോ നാട്ടാരേ എന്നുവിളിച്ച് ,വഴിപോക്കര്‍ക്കു കൂടി ഒരു ബുദ്ധിംമട്ടുണ്ടാക്കരുത്‌ എന്നപേക്ഷിക്കുന്നു
.

11 comments:

 1. മയ്യഴി said...

  കാഞ്ഞങ്ങാട് നെഹ്രു കോളേജിന്റെ ഒരു മാഗസിനു വേണ്ടി അംബികാസുതന്‍ മാങ്ങാട് ഇത്തരം ഒരു പ്രാദേശികഭാഷാ നിഘണ്ടു തയ്യാറാക്കിയിരുന്നു.
  ശ്ലാഘനീയമാണ് ഇത്തരം സംരംഭങ്ങള്‍

 2. വിഷ്ണു പ്രസാദ് said...

  നന്നായി.പക്ഷേ ഇതെന്താ ഇങ്ങനെ:"പാലക്കാട്: പ്രാദേശിക നിഘണ്ടു"

 3. സഞ്ചാരി said...

  കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാടിനുമുണ് സ്വന്തമയ ചില ഭാഷശൈലി.
  പാഞി = കുടം
  പാങ്ങ് = നല്ലത്
  എപ്പിയൊ = ആര്
  അപ്പിയൊ = അവര്
  കടച്ചി = കിടാവ്
  ബെള്ളം = വെള്ളം
  മാച്ചി = ചൂല്
  മുണിയ = ചേന്‍പ്
  നൂറ് = ചുണ്ണാന്‍പ്
  ബെളി = പ്രകാശം
  മോന്തിക്ക് = രാത്രിയില്
  പള്ളക്ക് = അടുത്ത്
  കൂടുതല്‍ അടുത്ത തവണ.

 4. KANNURAN - കണ്ണൂരാന്‍ said...

  കാസര്‍കോടന്‍ നിഘണ്ടുവിനെന്താ പാലക്കടെന്ന് പേരിട്ടതു?????

  നല്ല സംരംഭം, ഒരോ പ്രദേശത്തിനും ഇത്തരം ധാ‍രാളം പദങ്ങള്‍ ഉണ്ടാവും...

 5. പൊതുവാള് said...

  പോസ്റ്റ് സന്ദര്‍ശിച്ച മയ്യഴി,
  വിഷ്ണു പ്രസാദ്‌,
  സഞ്ചാരി,
  കണ്ണൂരാന്‍ എല്ലാവര്‍ക്കും നന്ദി.
  ഇതു തയ്യാറാക്കാന്‍ പ്രചോദനമായ വിഷ്ണു പ്രസാദിന്റെ പോസ്റ്റിലേക്ക്‌ ലിങ്ക് ചെയ്യാന്‍ ശ്രമിച്ചതിന്റെ ഫലമാണ് “പാലക്കാട് പ്രാദേശിക നിഘണ്ടു” ആയത്. ഇപ്പോളത്‌ കാസറഗോഡ് നിഘണ്ടു തന്നെയാക്കിയിട്ടുണ്ട്‌. തിരിച്ച്‌ പാലക്കാടേക്ക്‌ ലിങ്കും ഉണ്ട്‌.
  പിന്നെ സഞ്ചാരി എഴുതിയ പല വാക്കുകളും കാസരഗോഡ്‌ ഉപയോഗിക്കുന്നവ തന്നെയാണ്.
  പലതിനും ഒന്നില്‍ക്കൂടുതല്‍ അര്‍ത്ഥങ്ങളും വരാറുണ്ട്‌ പ്രയോഗിക്കുന്ന വാക്യഘടന അനുസരിച്ച്‌.
  നീ എന്റെ അടുത്ത്‌ വേണം എന്ന് എന്റെ പള്ളക്കന്നെ ബേണം എന്നുപറയുമ്പോള്‍ തന്നെ
  എന്റെ വീട്‌ ആ കുന്നിന്റെ പള്ളക്കാണ് എന്ന് പറഞ്ഞാല്‍ വീട്‌ കുന്നിന്റെ ചെരുവിലാണ് എന്നാണര്‍ത്ഥമാക്കേണ്ടത്‌.
  എല്ലാവരും അവരവര്‍‌ക്കറിയാവുന്നതു കോറിയിട്ടാല്‍ വിക്കിയില്‍ ഉള്‍പ്പെടുത്തി നമുക്കിവ വരും തലമുറക്കു വേണ്ടിക്കൂടി കാത്തുസൂക്ഷിക്കാം.

 6. കേരളീയന്‍ said...

  പ്രാദേശിക ഭേദങ്ങള്‍ ഈ ബ്ലോഗില്‍ ഇടുന്നത് കൂടാതെ മലയാളം വിക്ഷണറിയില്‍ക്കൂടി ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ നന്നായിരുന്നു. പ്രാദേശികഭേദങ്ങള്‍ ഒരു സമഗ്ര മലയാളം നിഘണ്ടുവിന്‍ മാറ്റു കൂട്ടും. എക്കാലത്തേക്കും ഒരു മുതല്‍ക്കൂട്ടാകും.

  http://ml.wiktionary.org/wiki/Main_Page

 7. ഷിജു അലക്സ്‌‌: :Shiju Alex said...

  ദയവ് ചെയ്ത് ഈ വാക്കുകള്‍ ഒന്നും നഷ്ടപ്പെട്ടുപോകാതെ മലയാളം വിക്കി ഡിക്ഷ്ണറിയില്‍ ഉള്‍പ്പേടുത്തുക. മലയാളം വിക്കി ഡിക്ഷ്ണറിയിലേക്കുള്ള ലിങ്ക് ഇതാ.

  http://ml.wiktionary.org/wiki/Main_Page

 8. manoj said...

  പൊതുവാളന്റെ ശ്രമത്തിന് എല്ലാ ഭാവുകങ്ങളും. പെരുമ്പളയും കാഞ്ഞങ്ങാട്ടുമൊക്കെ നല്ല കവിസുഹൃത്തുക്കളുണ്ടല്ലൊ. വിദ്യാധരനെയും രാധാകൃഷ്ണനെയുമൊന്നും ഇപ്പോള്‍ കാണാറില്ല. എങ്കിലും (കവിത)ഗോത്രബന്ധംകൊണ്ട് ഒന്നോര്‍ത്തുപോയി. നന്ദി. സാംസ്കാരികചിന്തകളും വളരെ പ്രധാനം. പക്ഷേ കവിതയിലെന്താ പ്രാദേശികമുദ്രകള്‍ കുറവ്? അതു കവിതയ്ക്കൊരു കുറവല്ല. എങ്കിലും...

 9. ഇടങ്ങള്‍|idangal said...

  പൊതുവാളേട്ടാ,

  ഇത്തരം ‘സൂക്ഷിച്ചുവെക്കലുകളുടെ പത്തായം’ എന്ന നിലക്കാവും നാളെ നമ്മുടെ മക്കള്‍ (എനിക്ക് കുട്ടികളില്ല, കെട്ട്യോളും) മലായാളം ബ്ലോഗുകളെ തുറക്കുന്നത്,

  ഇനിയും പെറുക്കി ഏടുത്തുവെക്കുക, അറിഞ്ഞോ അറിയാതയോ വഴിയിലിട്ടുപോയ ഇത്തരം മുത്തുകളെ.

  അഭിനന്ദനങ്ങള്‍.

 10. Kaippally കൈപ്പള്ളി said...

  പദമുദ്രയിൽ പദങ്ങൾക്ക് പ്രാദേശിക അർത്ഥങ്ങൾ എഴുതാൻ സവിധാനമുണ്ടു്, സഹായിക്കാൻ താല്പര്യമുള്ളവർക്ക് എഴുതി ചേർക്കാം.

 11. പച്ചാളം : pachalam said...

  മയ്യഴി, അതു പിന്നീട് ഡിസി ബുക്സ് കാസര്‍ഗോഡ് നിഘണ്ടുവായ് ഇറക്കിയിരുന്നില്ലേ?
  അങ്ങനെ ആരോ പറഞ്ഞിരുന്നു.