Monday, September 18, 2006

നിങ്ങളുടെ വീതം ( കവിത )



പത്രത്താളുകള്‍ മറിക്കുവാന്‍ ഭയമാണ്,
ഉള്‍‌വലിയാമെന്നാകില്‍ എവിടെയെന്‍ പുറന്തോട്‌?
മുയലിന്‍ കുതിപ്പുമയ് തലമുറ പറന്നതീ,
മുള്‍‌പ്പടര്‍പ്പുകള്‍ മൂടും തമസ്സിന്‍ ലോകത്തേക്കോ?
അരക്ഷിതത്വം ഘോരമേഘമാലകളായ്
സന്തോഷതീരത്തിനെ ഭീതിയായ് മൂടുന്നുവോ?
നിസ്സം‌ഗത മഞ്ഞു പാളി പോല്‍
മേല്‍ മേല്‍ വന്നടിയുന്നോ വീണ്ടും?
അരുതു കാട്ടാളത്തമെന്നു ചൊല്ലിയ
കവിയിന്നു മൌനത്തിന്റെ പിന്നിലൊളിക്കുന്നോ?

എഴുതിപ്പഠിച്ചതും പാടിപ്പതിഞ്ഞതു-
മെല്ലാം ജലരേഖ പോലെ മറയുന്നു.
സാത്താന്‍,സുഖഭോഗ മോഹങ്ങളായ് വന്നാ
കണ്ണിന്റെ കാണാനുള്ള കഴിവും കെടുത്തിയീ
മര്‍ത്യനെ മാടായ് മാറ്റു,മതിനില്ലാല്ലോ-
മാതാവേതെന്ന നിനവുകള്‍,
സിരയില്‍ രതി ദാഹം ജ്വാലയായ് പടരുമ്പോള്‍.


എന്നുമുണ്ടോരോ വാര്‍ത്ത:
കുട്ടിയെ കാണാനില്ല, പീഠന പര‍മ്പര
മാതാക്കള്‍, പിതക്കന്‍‌മാര്‍, ഗുരുവും പ്രതിക്കൂട്ടില്‍.


ഭയമാണെല്ലാവര്‍ക്കുമന്യോന്യം,
ആര്‍ക്കെപ്പോഴാണ് പുതിയ-
യുഗത്തിന്റെ പേബാധ തുടങുക,
രതി തന്‍ ചതിയുടെ ദംഷ്ട്രകള്‍ മുളയ്ക്കുക
എന്നറിയില്ലല്ലോ,എന്റെ
കുഞ്ഞിനെ ഞാനെങ്ങനെപ്പകല്‍ വെട്ടത്തിലും
പാതയിലൊറ്റയ്ക്കു യാത്രയാക്കും?.


പാഴ്വി‌ചാരങ്ങളാണെന്നാലുമിന്നെന്‍ നെഞ്ചില്‍
പേറുന്ന ഭാരം നിങ്ങള്‍‌ക്കെല്ലാര്‍ക്കും വീതിക്കാം ഞാന്‍.



.....................................................

1 comments:

  1. Siji vyloppilly said...

    ഇതു തന്നെയാണ്‌ ഞാനും ഉദ്ദേശിച്ചിരുന്നത്‌.കവിതകളില്‍ എനിക്ക്‌ പരിജ്ഞാനം വളരെ കുറവാണ്‌,വായനയും വളരെ കുറഞ്ഞു.എങ്കിലും കവിതയുടെ ആശയം എനിക്ക്‌ ഇഷ്ടപ്പെട്ടു.ഈ ബ്ലോഗ്‌ കണ്ടിരുന്നില്ല.ലിങ്കു തന്നതിനു വളരെ നന്ദി.ഇഷ്ടപ്പെട്ട വരികള്‍
    ഭയമാണെല്ലാവര്‍ക്കുമന്യോന്യം,
    ആര്‍ക്കെപ്പോഴാണ് പുതിയ-
    യുഗത്തിന്റെ പേബാധ തുടങുക,