Friday, July 06, 2007

ഫെബ്രുവരി 14

പ്രിയേ നിനക്കായൊരു പ്രേമസുദിനം കൂടി
പ്രിയമേറും സന്ദേശമായെന്തെഴുതേണ്ടിന്നു ഞാന്‍?

കള്ളമെഴുതിക്കാതു പൊട്ടിക്കുന്ന കാട്ടാളനാകണോ?
കനലെരിയും കവിമനസ്സിന്‍ കവിടി നിരത്തണോ?
കറുത്തസത്യങ്ങളെപ്പേടിച്ച് കാട്ടിലലയണോ?
കടലലകള്‍ നീന്തിക്കടന്നു നിന്നരികിലെത്തണോ?

വിഷമയമീ ലോകമെന്നിന്നു ഞാന്‍ ചൊല്ലുകില്‍
വിഷപ്പാമ്പിന്‍ കൂട്ടിലടയ്ക്കുമെന്നെയീ ലോകം

എങ്കിലും ചൊല്ലാതെ വയ്യ
എന്‍ പ്രിയേ നീ കേള്‍ക്കുകില്ലേ?

പ്രണയം തെരുവില്‍ വില്‍ക്കും വില്പനച്ചരക്കെന്നു
വിശ്വസിപ്പിച്ചീടുന്നു കുത്തകത്താല്പര്യങ്ങള്‍
പ്രണയപ്രവാചകയായൊരു ഗോപികയും
പ്രത്യാശ വെടിഞ്ഞേകാന്തതയെ വരിക്കുന്നു

മര്‍ത്യ മാംസം കരിഞ്ഞുയരും തീഷ്ണഗന്ധം
പത്തുനൂറെണ്ണത്തിനെക്കൊന്നതിന്‍ ജയഘോഷം
പുതിയ സദാചാരസംഹിതാ രാമായണം
അഴകിയ രാവണന്മാരുടെ പേക്കൂത്തുകള്‍
പത്രധര്‍മ്മത്തിന്‍ മായക്കാഴ്ചകളിവ കണ്ട്
പുത്രധര്‍മ്മത്തിന്‍ മൂല്യച്യുതിയിന്നറിവൂ ഞാന്‍

കാഴ്ചയില്‍ മായാ,വര്‍ണ്ണ ശബള ലോകം ചുറ്റിലും
കഴുകന്‍ കന്‍ണ്ണുകള്‍ക്കിന്നിതുത്സവക്കാലം
കത്തിയമരുന്നതെന്‍ മാതൃത്വത്തിന്‍ മാനം
കുഞ്ഞു പെങ്ങള്‍ തന്‍ പുഞ്ചിരിപ്പൂക്കണ്ണാടി

നമ്മുടെ പ്രേമത്തിന്റെ സുന്ദര സ്വപ്നങ്ങളും
നമ്മുടെ മോഹത്തിന്റെ സാന്ത്വന സ്പര്‍‌ശങ്ങളും
കാലത്തിന്നാസുര പ്രളയ പ്രവാഹത്തില്‍
കാട്ടാറിന്‍ സംഗീതം പോല്‍ കളയായ്കിനിയും നാം.

Sunday, June 03, 2007

പേടി (കവിത)

പേടിയില്ലെനിക്കിന്നു രാവിനെ -
പ്പകല്‍‌വെട്ടക്കാഴ്ചകള്‍ ഹൃദയത്തെ
വജ്രമായ് മാറ്റും നാളില്‍.

പേടിയില്ലെനിക്കിന്നു ചോരനെ
സമ്പാദ്യമായ് നിറയെയിരിപ്പുണ്ടെന്‍
ജല്പനം പെട്ടിക്കുള്ളില്‍ പൂ‍ട്ടിയില്ലതിന്‍
താക്കോലെവിടോ കളഞ്ഞു പോയ്.

പേടിയില്ലെനിക്കിന്നു നോവിനെ
ഇന്നേവരെ നീന്തിയ നോവിന്ന-
ലയാഴിയേക്കാള്‍ വലുതുണ്ടോ?.

പേടിയില്ല വിഷം ചീറ്റുന്ന സര്‍പ്പത്തിനെ
ഹേതുവില്ലാതെ കാലനാകുവാന്‍ മടിക്കാത്ത
മര്‍ത്യജന്മങ്ങളെത്ര കണ്ടു ഞാനീ ജഗത്തില്‍ .

പേടിയില്ല പ്രേതങ്ങളെ, പ്രേമമെന്ന കുരുക്കാല്‍ ‍ഞാന്‍
ചൂണ്ടിയില്ലാരുടേയും സ്വപ്നങ്ങളെ,പ്രണയിനി
വെടിഞ്ഞില്ല പ്രാണന്‍ പുന:യിഹലോകം.

പേടിയില്ല മന:സ്സാക്ഷിയാകും സര്‍വ്വ സാക്ഷിയേയും
നേര്‍വഴിക്കു നടക്കയാലവനുടെ ചൊല്ലു പോലെ.

പേടിയില്ല മരണത്തെ അറിയുന്നു ഞാനതെന്നും
കൂടെത്തന്നെ ചരിക്കുന്നെന്‍ നിഴല്‍ പോലെ അകലാതെ
പ്രാണനെന്ന കുമിളയില്‍ നിറയുന്ന ശ്വാസവായു
നിലയ്ക്കുന്ന നിമിഷാര്‍ദ്ധം പ്രതീക്ഷിച്ചു നടപ്പൂ ഞാന്‍.

പേടിയില്ലാപ്പാട്ടു പാടി പേടിയെ ഞാന്‍ പേടിപ്പിച്ചോ?
പേടിക്കേണ്ട പേടിയേ നീ പേടിയെനിക്കുണ്ടു താനും,
ജീവിതത്തെയതാണെന്നെ പേടിപ്പിച്ചോണ്ടിരിക്കുന്നു
.

Sunday, May 20, 2007

സെഡ്യൂക്കേഷന്‍ അഥവാ സെക്സ് എജ്യൂക്കേഷന്‍

സ്കൂളുകളിലെ ലൈംഗിക വിദ്യാഭ്യാസം ചര്‍ച്ചാവിഷയമായിക്കൊണ്ടിരിക്കുന്ന ഈയവസരത്തില്‍ ,അതു സംബന്ധമായി വായിച്ച, ചര്‍ച്ച ചെയ്യപ്പെടേണ്ടതാണെന്ന് എനിക്ക് തോന്നിയ ഒരു ലേഖനം ബൂലോഗര്‍ക്കു മുന്‍പിലേക്ക് എത്തിക്കാനൊരു ശ്രമമാണിത്.

2007 ഏപ്രില്‍ 12ന്റെ കേരള കൌമുദിയില്‍ എക്സ്‌ക്ലൂസീവ് പേജില്‍ കാണാപ്പുറം എന്ന കോളം കൈകാര്യം ചെയ്യുന്ന സെബിന്‍ എ ജേക്കബ് എന്ന ലേഖകന്‍ ‘പള്ളിക്കൂടത്തിലെ രതിയും, രേണുകയുടെ മൊഴിയും’ എന്ന പേരില്‍ ലൈംഗികവിദ്യാഭ്യാസത്തെക്കുറിച്ച് ഒരു ലേഖനം എഴുതിയിട്ടുണ്ട്. പലരും കണ്ടവരും വായിച്ചവരും ആയിരിക്കും ,കാണാത്തവര്‍ക്കായി
ലിങ്ക് ഇവിടെ.

നമ്മുടെയൊക്കെ കുട്ടികളുടെ ഭാവിജീവിതത്തേക്കൂടി ബധിക്കുന്ന ഒരു വിഷയമാണല്ലോ എന്നു തോന്നിയതിനാല്‍ ബൂലോഗത്തുള്ള പലര്‍ക്കും ഇതില്‍ കാര്യമായി പറയാനുണ്ടാകും എന്നു കരുതി വിഷയാധിഷ്ഠിതമായി തുറന്ന ചര്‍ച്ചകള്‍ക്കായി ഇവിടൊരു വേദിയൊരുക്കുന്നു.

Tuesday, May 08, 2007

മെഴുകുതിരി (കവിത)

വെള്ളിടിത്തീ പോലെ വന്നൊരു വാര്‍ത്ത
യിന്നെന്നെ മരവിച്ചു നിര്‍ത്തിയൊരു ക്ഷണം.
ഏപ്രിലൊന്നാം ദിനമാരോ പറഞ്ഞൊരു
കള്ളമെന്നാദ്യം കരുതി സഹിച്ചു ഞാന്‍.

നിന്റെ കൈയിലെ പച്ചഞരമ്പു മുറിച്ചത്
ജീവിതസ്വപ്നങ്ങള്‍ക്ക് ശോണിമ പോരാഞ്ഞോ?
നിന്റെ മിഴിയിലെ കണ്ണീര്‍ വറ്റിയതെന്റെ
തിളയ്ക്കുമൊരഗ്നിപര്‍‌വതമായ മനസ്സില്‍
നിന്നു ചിതറിയൊഴുകും ലാവയുടേറിയ ചൂടില്‍
ഏകയായിത്രനാളെന്നെ കാത്തിരുന്നിട്ടോ?

ഏതളവുകോലാലളന്നു നീ കാലമാം
കുത്തിയൊഴുക്കിനെ,സ്മരണ തന്‍ പച്ചപ്പു-
തേടിയലയും കിനാവിന്‍ പ്രകാശവേഗങ്ങളെ
ഏകാന്തതയ്ക്കു കൂട്ടായി വന്നുവോ വിഭ്രമം?

ഭാരങ്ങളൊക്കെയൊഴുക്കിക്കളയാന്‍ മുതിരവേ
എന്തേ നിനച്ചില്ലയെന്നെ, കെടുതിതന്‍
കാണാക്കയത്തില്‍, കടക്കെണിച്ചുഴികളില്‍
തുഴ പോലുമില്ലാത്ത തോണിയായലയുമാത്മാവിനെ?

ഇല്ലിനി വരില്ലെന്നു കരുതിയൊ?,പൊന്‍‌നാളമായ്
തിരി തെളിഞ്ഞൊരെന്‍ പൂവിനെ തൊട്ടു തലോടുവാന്‍.

ഇവിടെത്തിളയ്ക്കുന്ന നട്ടുച്ചയില്‍, ലോകമെല്ലാമുറങ്ങുന്ന -
പാതിരാവില്‍, സമയകാലങ്ങളില്ലാതെ സ്വയമുരുകി വീഴുവാന്‍
‍തീജ്വാലയായ് നിങ്ങള്‍ നിനവിലില്ലേ?,അതില്ലാതെയാവുകില്‍
ആ ജ്വാലയണയുകില്‍ പിന്നെയീ മെഴുകിനുപയോഗമെന്ത്?

സമര്‍പ്പണം :അഗ്രജന്‌.

Friday, May 04, 2007

മെയ് മാസം വന്നെന്നു പറയുനതാര്

ഒരിക്കല്‍ക്കൂടി വിപ്ലവാഭിവാദ്യങ്ങളുമായി മെയ്‌ ദിനത്തിന് സ്വാഗതമോതി...