Sunday, June 03, 2007

പേടി (കവിത)

പേടിയില്ലെനിക്കിന്നു രാവിനെ -
പ്പകല്‍‌വെട്ടക്കാഴ്ചകള്‍ ഹൃദയത്തെ
വജ്രമായ് മാറ്റും നാളില്‍.

പേടിയില്ലെനിക്കിന്നു ചോരനെ
സമ്പാദ്യമായ് നിറയെയിരിപ്പുണ്ടെന്‍
ജല്പനം പെട്ടിക്കുള്ളില്‍ പൂ‍ട്ടിയില്ലതിന്‍
താക്കോലെവിടോ കളഞ്ഞു പോയ്.

പേടിയില്ലെനിക്കിന്നു നോവിനെ
ഇന്നേവരെ നീന്തിയ നോവിന്ന-
ലയാഴിയേക്കാള്‍ വലുതുണ്ടോ?.

പേടിയില്ല വിഷം ചീറ്റുന്ന സര്‍പ്പത്തിനെ
ഹേതുവില്ലാതെ കാലനാകുവാന്‍ മടിക്കാത്ത
മര്‍ത്യജന്മങ്ങളെത്ര കണ്ടു ഞാനീ ജഗത്തില്‍ .

പേടിയില്ല പ്രേതങ്ങളെ, പ്രേമമെന്ന കുരുക്കാല്‍ ‍ഞാന്‍
ചൂണ്ടിയില്ലാരുടേയും സ്വപ്നങ്ങളെ,പ്രണയിനി
വെടിഞ്ഞില്ല പ്രാണന്‍ പുന:യിഹലോകം.

പേടിയില്ല മന:സ്സാക്ഷിയാകും സര്‍വ്വ സാക്ഷിയേയും
നേര്‍വഴിക്കു നടക്കയാലവനുടെ ചൊല്ലു പോലെ.

പേടിയില്ല മരണത്തെ അറിയുന്നു ഞാനതെന്നും
കൂടെത്തന്നെ ചരിക്കുന്നെന്‍ നിഴല്‍ പോലെ അകലാതെ
പ്രാണനെന്ന കുമിളയില്‍ നിറയുന്ന ശ്വാസവായു
നിലയ്ക്കുന്ന നിമിഷാര്‍ദ്ധം പ്രതീക്ഷിച്ചു നടപ്പൂ ഞാന്‍.

പേടിയില്ലാപ്പാട്ടു പാടി പേടിയെ ഞാന്‍ പേടിപ്പിച്ചോ?
പേടിക്കേണ്ട പേടിയേ നീ പേടിയെനിക്കുണ്ടു താനും,
ജീവിതത്തെയതാണെന്നെ പേടിപ്പിച്ചോണ്ടിരിക്കുന്നു
.

7 comments:

  1. Rasheed Chalil said...

    പേടിയില്ലായ്മയുടെ പേടി...

    ഇഷ്ടമായി ഈ കവിതയും.

  2. വല്യമ്മായി said...

    അടുത്ത കാലടിയില്‍ എന്താണെന്നറിയാത്ത ജീവിതത്തെ മാത്രം പേടിച്ചാല്‍ മതി :)

    കുറച്ച് കൂടി എഡിറ്റ് ചെയ്യാമായിരുന്നു എന്ന് തോന്നി.

  3. സുല്‍ |Sul said...

    തുടക്കം ഗംഭീരമായെങ്കിലും അവസാനമായപ്പോള്‍ എവിടെയെല്ലാമൊ പോയി.
    കൊള്ളാം :)
    -സുല്‍

  4. ചീര I Cheera said...

    ഇഷ്ടപ്പെട്ടു...

  5. തമനു said...

    നന്നായി :)

  6. ചുള്ളിക്കാലെ ബാബു said...

    ‘പേടിയില്ല വിഷം ചീറ്റുന്ന സര്‍പ്പത്തിനെ
    ഹേതുവില്ലാതെ കാലനാകുവാന്‍ മടിക്കാത്ത
    മര്‍ത്യജന്മങ്ങളെത്ര കണ്ടു ഞാനീ ജഗത്തില്‍ .‘

    പൊതുവാളേ, ഇഷ്ടായി!

  7. സാല്‍ജോҐsaljo said...

    അവസാനത്തെ വരികള്‍ പ്രാസഭംഗി കുറച്ചു.

    ഭാവനയ്ക്ക് 100% മാര്‍ക്ക്.