Tuesday, May 08, 2007

മെഴുകുതിരി (കവിത)

വെള്ളിടിത്തീ പോലെ വന്നൊരു വാര്‍ത്ത
യിന്നെന്നെ മരവിച്ചു നിര്‍ത്തിയൊരു ക്ഷണം.
ഏപ്രിലൊന്നാം ദിനമാരോ പറഞ്ഞൊരു
കള്ളമെന്നാദ്യം കരുതി സഹിച്ചു ഞാന്‍.

നിന്റെ കൈയിലെ പച്ചഞരമ്പു മുറിച്ചത്
ജീവിതസ്വപ്നങ്ങള്‍ക്ക് ശോണിമ പോരാഞ്ഞോ?
നിന്റെ മിഴിയിലെ കണ്ണീര്‍ വറ്റിയതെന്റെ
തിളയ്ക്കുമൊരഗ്നിപര്‍‌വതമായ മനസ്സില്‍
നിന്നു ചിതറിയൊഴുകും ലാവയുടേറിയ ചൂടില്‍
ഏകയായിത്രനാളെന്നെ കാത്തിരുന്നിട്ടോ?

ഏതളവുകോലാലളന്നു നീ കാലമാം
കുത്തിയൊഴുക്കിനെ,സ്മരണ തന്‍ പച്ചപ്പു-
തേടിയലയും കിനാവിന്‍ പ്രകാശവേഗങ്ങളെ
ഏകാന്തതയ്ക്കു കൂട്ടായി വന്നുവോ വിഭ്രമം?

ഭാരങ്ങളൊക്കെയൊഴുക്കിക്കളയാന്‍ മുതിരവേ
എന്തേ നിനച്ചില്ലയെന്നെ, കെടുതിതന്‍
കാണാക്കയത്തില്‍, കടക്കെണിച്ചുഴികളില്‍
തുഴ പോലുമില്ലാത്ത തോണിയായലയുമാത്മാവിനെ?

ഇല്ലിനി വരില്ലെന്നു കരുതിയൊ?,പൊന്‍‌നാളമായ്
തിരി തെളിഞ്ഞൊരെന്‍ പൂവിനെ തൊട്ടു തലോടുവാന്‍.

ഇവിടെത്തിളയ്ക്കുന്ന നട്ടുച്ചയില്‍, ലോകമെല്ലാമുറങ്ങുന്ന -
പാതിരാവില്‍, സമയകാലങ്ങളില്ലാതെ സ്വയമുരുകി വീഴുവാന്‍
‍തീജ്വാലയായ് നിങ്ങള്‍ നിനവിലില്ലേ?,അതില്ലാതെയാവുകില്‍
ആ ജ്വാലയണയുകില്‍ പിന്നെയീ മെഴുകിനുപയോഗമെന്ത്?

സമര്‍പ്പണം :അഗ്രജന്‌.

19 comments:

 1. പൊതുവാള് said...

  മെഴുകുതിരി (കവിത)

  ‘വെള്ളിടിത്തീ പോലെ വന്നൊരു വാര്‍ത്ത
  യിന്നെന്നെ മരവിച്ചു നിര്‍ത്തിയൊരു ക്ഷണം.
  ഏപ്രിലൊന്നാം ദിനമാരോ പറഞ്ഞൊരു
  കള്ളമെന്നാദ്യം കരുതി സഹിച്ചു ഞാന്‍.‘

  ബൂലോരേ ഇവിടൊരു കവിതയുണ്ടേ ....

  അതു ഞാനഗ്രജന് സമര്‍പ്പിക്കുകയാണ്.

 2. അപ്പു said...

  പൊതുവാള്‍.... ഒറ്റവായനയില്‍ത്തന്നെ മനസ്സിലായ ഒരു സാധാരണ കവിത.. നന്നായി.

 3. വല്യമ്മായി said...

  കാണാക്കയത്തില്‍, കടക്കെണിച്ചുഴികളില്‍
  തുഴ പോലുമില്ലാത്ത തോണിയായലയുമാത്മാവിനെ?


  ആത്മഹത്യ ചെയ്യുന്നവര്‍ ആരുമോര്‍ക്കാത്ത കാര്യം.മരണം ഒന്നിന്റേയും അവസാനമല്ല,വേറൊരു യാത്രയുടെ തുടക്കം മാത്രം.

  നല്ല വരികള്‍.ആറാം വരിയില്‍ പോരാഞ്ഞോ എന്നു പോരേ.

 4. പൊതുവാള് said...

  അപ്പൂ,
  വന്ന് വായിച്ചതില്‍ സന്തോഷം:)

  വല്ല്യമ്മായി:)
  അഭിപ്രായത്തിന് നന്ദി,പറഞ്ഞതു പോലെ തിരുത്തിയിട്ടുണ്ട്.

  പെട്ടെന്നെഴുതി പോസ്റ്റ് ചെയ്യുമ്പോള്‍ ശ്രദ്ധയില്‍പ്പെട്ടില്ല.

 5. അഗ്രജന്‍ said...

  "ഭാരങ്ങളൊക്കെയൊഴുക്കിക്കളയാന്‍ മുതിരവേ
  എന്തേ നിനച്ചില്ലയെന്നെ, കെടുതിതന്‍
  കാണാക്കയത്തില്‍, കടക്കെണിച്ചുഴികളില്‍
  തുഴ പോലുമില്ലാത്ത തോണിയായലയുമാത്മാവിനെ?"

  പൊതുവാള്‍ വളരെ ഇഷ്ടമായി ഈ കവിത!‍

  “ഭാരങ്ങളൊക്കെയൊഴുക്കിക്കളയാന്‍ മുതിരവേ
  എന്തേ നിനച്ചില്ല...” എന്തുകൊണ്ടിതിനു മുതിരുന്നവരൊന്നും അവരിട്ടു പോകുന്നവരെ കുറിച്ചോര്‍ക്കുന്നില്ല... പലപ്പോഴും ഞാന്‍ വളരെ വേദനയോടെ ചിന്തിച്ചിട്ടുണ്ട് ഇതേപ്പറ്റി.

  ഞാനിവിടെ ആദ്യമായിട്ടാണ് കമന്‍റിടുന്നതെന്ന് തോന്നുന്നു... അതുകൊണ്ട്, സമര്‍പ്പണം കണ്ടല്ല ഇവിടെ വന്നതെന്ന് പറഞ്ഞാല്‍ വിശ്വസിക്കില്ല... നന്ദി :)

 6. Sul | സുല്‍ said...

  പൊതുവാളേ
  കവിത നന്നായി. :)

  ഓടോ : കവിത & അഗ്രജന്‍???????

  -സുല്‍

 7. സു | Su said...

  നല്ല കവിത. തിരിച്ചുവരാതെയൊരു യാത്രയ്ക്കൊരുങ്ങുമ്പോള്‍, പിന്നില്‍ വിട്ടുപോകുന്നതിനെക്കുറിച്ച് ആലോചിച്ചാല്‍ നല്ലത്.

 8. ശെഫി said...

  കവിത നന്നായി

 9. എന്റെ കിറുക്കുകള്‍ ..! said...

  മനസ്സില്‍ പതിയുന്ന വരികള്‍..
  നന്നായിരിക്കുന്നു കവിത.

 10. Vinoj said...

  വളരെ വളരെ വളരെ നല്ല കവിത, ആശയവും ഭാഷയും എല്ലാം ഒന്നിനൊന്നു മെച്ചം. ശരിക്കും ഹൃദയത്തെ സ്പര്‍ശിച്ച കവിത. (ആദ്യത്തെ നാലു വരി വായിച്ചപ്പോള്‍ മനസ്സില്‍ അറിയാതെ വന്ന ഈണം അടുത്ത വരികളില്‍ എത്തിയപ്പോള്‍ പെട്ടെന്നു കാണാതായത്‌ അല്‍പ്പം അമ്പരപ്പിച്ചു.)

 11. ചുള്ളിക്കാലെ ബാബു said...

  "ഇവിടെത്തിളയ്ക്കുന്ന നട്ടുച്ചയില്‍, ലോകമെല്ലാമുറങ്ങുന്ന -
  പാതിരാവില്‍, സമയകാലങ്ങളില്ലാതെ സ്വയമുരുകി വീഴുവാന്‍
  ‍തീജ്വാലയായ് നിങ്ങള്‍ നിനവിലില്ലേ?"
  പൊതുവാളേ, നല്ല കവിത. ഈ വരികള്‍ കൊണ്ടു.

 12. G.manu said...

  theekshnam..pothuvaali ji.

  :)

 13. പൊതുവാള് said...

  മെഴുകുതിരി വെട്ടം കാണാന്‍ കാഞ്ഞിരോട്ടേക്കെത്തിയ പ്രിയ വായനക്കാര്‍,
  അഗ്രജാ:)
  നന്ദി.
  താങ്കള്‍ ഇവിടെ വരാറുണ്ടോ കമന്റാറുണ്ടോ എന്നൊന്നും നോക്കിയല്ലെങ്കിലും താങ്കളുടെ രചനകള്‍ ഞാന്‍ വായിക്കാറുണ്ട് കഴിയുന്നതും കമന്റാറുമുണ്ട്.

  സുല്ലേ:)
  വന്നല്ലോ,ആ ചോദ്യം ആരില്‍ നിന്നെങ്കിലും ഞാന്‍ പ്രതീക്ഷിച്ചിരുന്നു;
  അഗ്രുവും ഈ കവിതയും തമ്മിലുള്ള ബന്ധം ഇതാണ്

  സു:)
  അതു തന്നെയാണൊരു വേവലാതി.

  ശെഫി:)

  എന്റെ കിറുക്കുകള്‍:)
  ഇതും ഒരു കിറുക്ക് തന്നെ.

  വിനോജ്:)
  ഈണവും താളവും മാത്രമല്ല കവിത അതു മനസ്സുകളോട് സംവദിക്കേണ്ടതാണ് എന്നാണെനിക്കു തോന്നിയിട്ടുള്ളത്.

  ചുള്ളീ, ചുള്ളാ:)
  താനിപ്പോളും പാതിരാവില്‍ തന്നെയല്ലേ കിളക്കാനിറങ്ങുന്നത്?.

  മനുജീ:)
  സന്തോഷം.

  വായിച്ചു കമന്റിയവര്‍ക്കും, കമന്റാതെ പോയവര്‍ക്കും,എല്ലാവര്‍ക്കും നന്തി ബാര്‍ സോപ്പ്:)

 14. ഇത്തിരിവെട്ടം|Ithiri said...

  പൊതുവാള്‍ ജീ ഒത്തിരി ഇഷ്ടമായി ഈ കവിത.

 15. ::സിയ↔Ziya said...

  പൊതുവാള്‍ ജി,
  അര്‍ത്ഥവത്തായകവിത...
  ബൂലോഗത്തെ കവിതകളുടെ കുത്തൊഴുക്കില്‍ ശ്വാസം മുട്ടിയിരുന്നവര്‍ക്ക് ഈ കവിത തീര്‍ച്ചയായും ഹൃദ്യമായ അനുഭവമാകും

 16. അപ്പൂസ് said...

  പൊതുവാള്‍ജീ,
  നന്ദി എന്നൊരു വാക്കിലൊതുക്കാന്‍ കഴിയില്ല ഈ കവിത അപ്പൂസിനു പകര്‍ന്നു തരുന്ന ആശ്വാസം, അഭയം. എന്നും ഓര്‍ത്തു വെയ്ക്കാനൊരു കവിത.

 17. മുല്ലപ്പൂ || Mullappoo said...

  പൊതുവാളേ,
  നല്ല വരികള്‍.
  നന്നായി.

  ഇവിടേക്കെത്തിച്ച സുഹൃത്തിനും നന്ദി.

 18. പൊതുവാള് said...

  ഈ ‘മെഴുകുതിരി’ വെട്ടത്തില്‍ വന്ന് കവിതവായിച്ച് അഭിപ്രായം പറഞ്ഞ,

  ഇത്തിരീ:)
  മെഴുകുതിരിക്ക് ഇത്തിരി വെട്ടം കൂടി:)

  സിയാ:)
  സന്തോഷം...

  അപ്പൂസേ:)
  എല്ലാ പ്രവാസിയുടെയും ഉള്ളിലെ വിങ്ങലാണത്....

  മുല്ലപ്പൂ:)
  സ്വാഗതം,ഇവിടെയും സുഗന്ധം പരത്തൂ ....

  ഇവിടെ വന്നു വായിച്ച എല്ലാവര്‍ക്കും നന്ദി ഒരിക്കല്‍ക്കൂടി.

 19. കുറുമാന്‍ said...

  ട്രാന്‍സ്പോര്‍ട്ട് ബസ്സിന്റെ പോലെയാ എനെറ്റെ കാര്യം. എത്താന്‍ ഒരുപാടു വൈകും:)

  കവിത ഇഷ്ടായിട്ടോ പൊതുവാള്‍ മാഷെ