Wednesday, January 31, 2007

കാസറഗോഡ് നിഘണ്ടു 2

വിസ്‌മൃതമായിക്കൊണ്ടിരിക്കുന്ന ഒരു സങ്കരഭാഷാ സംസ്ക്കാരത്തിന്റെ സൂചികകളാകേണ്ട , അച്ചടിയും വിദ്യാഭ്യാസവും സാര്‍വത്രികമായി മലയാളത്തിന്റെ ലിപിഭാഷ പുതുതലമുറകള്‍ നേടുന്ന മുറയ്ക്ക് അന്യമായിക്കൊണ്ടിരിക്കുന്ന കുറേ ഗ്രാമ്യപദങ്ങള്‍ കോര്‍ത്തിണക്കി(എന്റെ പരിമിതമായ അറിവു വെച്ച്) മുന്‍പ് പ്രസിദ്ധീകരിച്ച കാസറഗോഡ് പ്രാദേശിക നിഘണ്ടു ഒന്നാം ഭാഗത്തിനൊരു രണ്ടാം ഭാഗം ഇതാ ഇവിടെ.

കടച്ചക്കല്ല് = അരകല്ല്
കടയങ്കല്ല്.= അരകല്ല്
കണ്ടം= വയല്‍
കണ്ടം =കഷണം
നാട്ടി =നെല്‍കൃഷി
പയ്യു=പശു
കരക്ക=തൊഴുത്ത്
കരക്കര= വിഷമം( വിഷാദം,മൂഡൌട്ട്)
നാനായി,=ഇടങ്ങഴി
എട്ങായി=ഇടങ്ങഴി അളവുപാത്രം
നായി=നാഴി
ഒയക്കായി=നാഴിഅളവുപാത്രം
ഉരി=1/2നാഴി
നായി=നായ
അന്തിമോന്തി=സായംസന്ധ്യ ,തൃസന്ധ്യ
മോന്തി, മോന്തിക്ക്=രാത്രി, രാത്രിയില്‍
‍രാക്കൊണ്ടേ= അതിരാവിലെ(പുലര്‍ച്ചെ)
നട്ടി= പച്ചക്കറി
പറങ്കള്=മുളക്
കൊത്തമ്പാരി= മല്ലി
കടു= കടുക്
ചെരങ= മത്തന്‍
പട്‌ളക്കായി= പടവലങ്ങ
താരോപ്പെരങ്ങ=നരമ്പന്‍
‍കോയക്ക= കോവക്ക
ബൈനിങ= വഴുതിനങ
ബ്ലാത്തിച്ചക്ക=ശീമച്ചക്ക
ഞാറ്= നെല്‍ച്ചെടി
മൂരുക= കൊയ്യുക
മൂര്‍ച്ചപ്പണി= കൊയ്ത്ത്
തോട്ടം= കവുങിന്‍‌ തോട്ടം
മാച്ചിപ്പട്ട= കവുങിന്റെ ഒലി
പാള= കവുങിന്‍ പോള
തള= തളപ്പ്
മാച്ചി= ചൂല്
പൊഞ്ഞാറ്= വിരഹദു:ഖം
ബേജാറ്= വിഷമം
ബായിക്ക്ട്=ശകാരം
കലമ്പ് =വഴക്കുകൂടുക
പുല്‍ത്തല്, പുല്‍ത്തി=ശകാരിക്കുക, ശകാരിച്ചു
തയ്ക്കുക,തച്ചു =അടിക്കുക,അടിച്ചു
മേടുക, മേട്ടം= കിഴുക്കുക, കിഴുക്ക്
അടിക്കുക= തയ്ക്കുക( ഉദാ:കുപ്പായം അടിക്കുക)
തല്ലാക്കുക= അടിയുണ്ടാക്കുക
ബായ=വാഴ
ബായി= വായ്
കായി= പഴം
കോയ= കോവ(കോവല്‍)
ആരി=ആര്
ഓന്‍= അവന്‍
ഓള്=അവള്‍
ഓള്=ഭാര്യ
ഓന്റെ ഓള്= അവന്റെ ഭാര്യ
ഓറ് =അവര്‍(അദ്ദേഹം)
‍അപ്പ്യ=അവര്‍
ഇപ്പ്യ= ഇവര്‍
‍മോട്ടന്‍ = മുടന്തന്‍
തമ്മിക്കുക= സമ്മതിക്കുക
മംഗലം= കല്ല്യാണം
പൊടമുറി= കല്ല്യാണം
പൊടമുറിക്കാരന്‍= വരന്‍
ഒറ്റക്കോലം= രാത്രിയില്‍ നടത്തുന്ന വിഷ്ണുമൂര്‍ത്തി തെയ്യക്കോലത്തിന്റെതീയാട്ടം.
ബാ=വരൂ
ബെരൂന്‍=വരൂ(ബഹുമാനത്തോടെ)
പോട്=പോകൂ
പോഊന്‍= പോകുവിന്‍(ബഹുമാനത്തോടെ)
ഓട്ത്തു=എവിടെ
തെളിപ്പ്= സഞ്ചയനം (ഒരു മരണാനന്തരക്രിയ)
പോന്നത്= പോകുന്നത്
ബെര്ന്നത്= വരുന്നത്
തംശ്യം(തമിശ്യം)= സംശയം
ചോയ്ക്കുക= ചോദിക്കുക
കയ്‌മ= കൈയില്‍
കാരിച്ചി= കറുത്ത പെണ്ണ്(ഒരു പേര്)
വെള്ളച്ചി= വെളുത്തപെണ്ണ് (ഒരു പേര്)
തണാറ്= തലമുടി
നൊമ്പലം= വേദന
തലാമ്പലം= തലവേദന
പള്ള =വയറിന്റെ വശം ( കക്ഷത്തിനു താഴെ)
ചൊമ= ചുമ
കാറുക= ഛര്‍ദ്ദിക്കുക
തൂറുക= മലവിസര്‍ജ്ജനം ചെയ്യുക
പൊറത്ത് പോക്ക്= വയറിളക്കം
പള്ളമ്മല്‍= ചെരിവില്‍
കുന്നിന്റെ പള്ള = കുന്നിന്‍ ചെരിവ്
എരിഞ്ഞി= ഇലഞ്ഞി മരം
പേരാല്‍= പേരമരം
ചിമ്മിണിക്കൂട് =മണ്ണെണ്ണ വിളക്ക്
ചിമ്മിണി,ചിമ്മിണി എണ്ണ=മണ്ണെണ്ണ
ബെറ്‌= വിറക്
ബെറ് കൊത്തുക= വിറക് പൂളുക
തുള്ളുക=ചാടുക
ചാടുക= കളയുക
ചട്ട്വം=ചട്ടുകം
പൂള്=കഷണം
കൊള്ളി=മരച്ചീനി
കൊള്ളി=വിറക്
കൊള്ളികൂട്ടുക= ചിതയൊരുക്കുക
ബാതില്= വവ്വാല്
ബണ്ണാന്‍=ചിലന്തി
വണ്ണാന്‍= തെയ്യക്കോലമണിയുന്ന സമുദായങ്ങളില്‍ ഒന്ന്.
അച്ച്‌ള്= ഒച്ച്
കൂറ= പാറ്റ
കണിയാന്‍= തുമ്പി
കണിയാന്‍= (ഗണകന്‍)ജ്യോതിഷം കുലത്തൊഴിലായ ഒരു സമുദായക്കാരന്‍.
ഉണ്ട്ലിക്കം= ഒരു അപ്പം
മൂഡ= പഴുത്ത ചക്ക കൊണ്ടുണ്ടാക്കുന്ന ഒരു തരം അപ്പം
ബെരു=പഴയ കാലത്ത് നെല്ലുണക്കാനും മറ്റും അടുപ്പിനു മുകളില്‍ തൂക്കിയ്യിടാറുള്ള മുളകൊണ്ടുണ്ടാക്കുന്ന തട്ട്.
തടുപ്പ= മുറം

ഇതില്‍ എല്ലാം കാസറഗോഡന്‍ വാക്കുകള്‍ മാത്രമാണെന്നൊന്നും അവകാശപ്പെടാന്‍ ഞാനില്ല,ഒരുപക്ഷെ മറ്റെവിടെയെങ്കിലും ഉപയോഗത്തിലുണ്ടാവാം എനിക്കറിയില്ല.
ഇനിമുതല്‍ ഭാഷ മനസ്സിലാക്കാന്‍ പ്രയാസമാണെന്ന് പറഞ്ഞാരും ചരിത്രമുറങ്ങുന്ന കോട്ടകളുടെ നാടായ കാസറഗോഡേക്കു വരാതിരിക്കണ്ട.

എല്ലാവര്‍ക്കും സ്വാഗതം.

18 comments:

  1. Unknown said...

    വിസ്‌മൃതമായിക്കൊണ്ടിരിക്കുന്ന ഒരു സങ്കരഭാഷാ സംസ്ക്കാരത്തിന്റെ സൂചികകളാകേണ്ട , അച്ചടിയും വിദ്യാഭ്യാസവും സാര്‍വത്രികമായി മലയാളത്തിന്റെ ലിപിഭാഷ പുതുതലമുറകള്‍ നേടുന്ന മുറയ്ക്ക് അന്യമായിക്കൊണ്ടിരിക്കുന്ന കുറേ ഗ്രാമ്യപദങ്ങള്‍ കോര്‍ത്തിണക്കി(എന്റെ പരിമിതമായ അറിവു വെച്ച്) മുന്‍പ് പ്രസിദ്ധീകരിച്ച കാസറഗോഡ് പ്രാദേശിക നിഘണ്ടു ഒന്നാം ഭാഗത്തിനൊരു രണ്ടാം ഭാഗം ഇതാ ഇവിടെ.

    ഇനിമുതല്‍ ഭാഷ മനസ്സിലാക്കാന്‍ പ്രയാസമാണെന്ന് പറഞ്ഞാരും ചരിത്രമുറങ്ങുന്ന കോട്ടകളുടെ നാടായ കാസറഗോഡേക്കു വരാതിരിക്കണ്ട.

    എല്ലാവര്‍ക്കും സ്വാഗതം.

  2. sandoz said...

    ഒരു തംശ്യം...മോന്തിക്ക്‌ തല്ലാക്കണത്‌ അല്ലാട്ടാ....പള്ളമ്മല്‍ തുള്ളിയാല്‍ ബീയോ....

  3. വേണു venu said...

    ആനിഘണ്ടുവിലെ എനിക്കു് പെട്ടെന്നു തോന്നിയ കൊല്ലം നിഘണ്ടുവിലുള്ളവ.
    കണ്ടം= വയല്‍
    നായി=നാഴി
    കടു= കടുക്
    ബ്ലാത്തിച്ചക്ക=ശീമച്ചക്ക
    ഞാറ്= നെല്‍ച്ചെടി
    പാള= കവുങിന്‍ പോള
    ചൊമ= ചുമ
    തൂറുക= മലവിസര്‍ജ്ജനം ചെയ്യുക
    തുള്ളുക=ചാടുക
    പൂള്=കഷണം
    കണിയാന്‍= (ഗണകന്‍)ജ്യോതിഷം
    ഇനിയും പലതും കാണും. സമയ ദൌര്‍ലഭ്യം മൂലം ഇപ്പൊഴിത്രയും.

  4. Anonymous said...

    മാഷെ,
    കാഞ്ഞങ്ങാട് നെഹ്രു കോളേജിലെ കുട്ടികള്‍ “മുട്ടറ്റമേയുള്ളു ഭൂതകാലക്കുളിര്‍” എന്ന അവരുടെ മാഗസീനിനു വേണ്ടി ശേഖരിച്ച നാട്ടുഭാഷ നിഖണ്ഡു ഇപ്പോള്‍ കറന്റ് ബുക്സ് “പൊഞ്ഞാറ്” എന്ന പേരില്‍ പുസ്തകമായി ഇറക്കിയിട്ടുണ്ട്.അതുകുടാതെ മാതൃഭൂമി പത്രത്തില്‍ സ്ഥലപേരുകളെക്കുറിച്ചും ഇതുപോലുള്ള മാഞ്ഞുപോയ്ക്കൊണ്ടിരിക്കുന്ന വാക്കുകളെ പരിചയപ്പെടുത്തുന്ന ഒരു പംക്തിയും ഉണ്ട്.രണ്ടില്‍ നിന്നുമുള്ള വിവരങ്ങള്‍ ചേര്‍ത്ത് ഒരു ബ്ലോഗു തുടങ്ങിയാലോ?

  5. Unknown said...

    സന്‍ഡോസേ:)
    ഒരു തംശ്യൂല്ല ബ്‌ഏന്നെ ചീയും.എന്നാലും അന്തിമോന്തിക്കാരോടും കലമ്പാനൊന്നും പോണ്ടാട്ട്വോ.

    വേണൂ:)
    വന്ന് അഭിപ്രായമറിയിച്ചതില്‍ സന്തോഷം.
    ഇപ്പോഴും ഇതെല്ലാം കൊല്ലത്ത് ഉപയോഗത്തിലുണ്ടോ?

    തുളസി:)
    കക്കാട്ടുകാരാ,എനിക്കവിടൊക്കെ അറിയാം എന്റെ ചേട്ടന്റെ മകള്‍ പുതുക്കൈയിലാണ്. അവിടെ കൊറേ പൊ‌ഉതാമ്മാരില്ലേ? എല്ലാം കുടുംബക്കാരാണ്.വില്ലേജ് ഓഫീസര്‍ കുഞ്ഞമ്പുവേട്ടനൊക്കെ.
    നീ പറഞ്ഞ കാര്യം നമുക്ക് ചിന്തിക്കാവുന്നതാണ്.


    എല്ലാവര്‍ക്കും നന്ദി.

    അന്യമായിക്കൊണ്ടിരിക്കുന്ന കുറേ ഗ്രാമ്യപദങ്ങള്‍ കോര്‍ത്തിണക്കി(എന്റെ പരിമിതമായ അറിവു വെച്ച്) മുന്‍പ് പ്രസിദ്ധീകരിച്ച കാസറഗോഡ് പ്രാദേശിക നിഘണ്ടു ഒന്നാം ഭാഗത്തിനൊരു രണ്ടാം ഭാഗം ഇതാ ഇവിടെ.


    ഇനിമുതല്‍ ഭാഷ മനസ്സിലാക്കാന്‍ പ്രയാസമാണെന്ന് പറഞ്ഞാരും ചരിത്രമുറങ്ങുന്ന കോട്ടകളുടെ നാടായ കാസറഗോഡേക്കു വരാതിരിക്കണ്ട.

    എല്ലാവര്‍ക്കും സ്വാഗതം.

  6. സഞ്ചാരി said...

    ഇരുപത് വര്‍ഷത്തില്‍ കൂടുതലായ പ്രവാസജീവിതത്തിനിടയില്‍ ഉപയോഗിക്കാന്‍ അവസരം കിട്ടാതെ പോയ ഞാനെന്നും നെഞ്ചിലേറ്റി നടന്നിരുന്ന കുറെ നാട്ടുമൊഴികള്‍ എഴുത്തില്‍ കൂടിയെങ്കിലും വായിക്കാന്‍ അവസരമെരുക്കിയതിന്നു.പൊതുവാളന് നന്ദി അറിയിക്കുന്നു.
    നമ്മുടെ(കാസര്‍കോട് ജില്ല)പുതിയ തലമുറ ഇതു പോലുള്ള നാടന്‍ മൊഴികള്‍ ഉപയോഗിക്കുന്നതു തന്നെ പഴഞ്ച നാണെന്നാണ് വിചാരിക്കുന്നത്.
    ഇരുപത് കൊല്ലായിട്ട് പൊറന്നാട്ടിലെ കയിന്നതു കൊണ്ട് നമ്മളെ നാടന്‍ പയക്കം മുണ്ടാന്‍ ഒര് ഇതും കിട്ടാണ്ട് വേജാറായിറ്റ് ഇണ്ടയിന്‍ അപ്പളാണ് നിങ്ങളെ ഈ എയ്ത്ത് ബായിക്കാന്‍ കയിഞ്ഞത് ഇപ്പൊ എനക്ക് ബെലിയ സന്തോസായി എനക്കെ. എനക്ക് എപ്പളും ഇങ്ങനത്തെ ബിസ്സ്യയം മുണ്ടുന്നതാണ് വലിയ പാങ്ങ്.
    ഇപ്പളത്തെ പിള്ളര്‍ക്ക് ഈബാക്കെല്ലാം പറയിന്നത് ബെലിയ കൊറച്ചിലല്ലെ. ഞമ്മൊ അങ്ങോട്ട് ചോയിച്ചാലും അവര് പകരം പറയുന്നത് റ്റീ.വി. ക്കാര് പരയിന്നമാതിരിയെല്ലെ.

  7. ചുള്ളിക്കാലെ ബാബു said...

    ഞാന്‍ പറ്റേം ബായിച്ചു. തന്തോയായി, ഉരിയരിക്ക് പോയിറ്റ് എടങ്ങായി നൊറച്ചും കിട്ടിയ തന്തോയം. നമ്മളെ നാട്ടിലെ പറച്ചിലും (വാചക പ്രയോഗങ്ങള്‍) കൂടി എവ്തിയാല് വായിക്കാരുന്നു.

  8. G.MANU said...

    വാക്കുകള്‍ എനിക്കു ഹരമാണു പൊതുവാള്‍ജി..ഇങ്ങനെ ഒരെണ്ണം ഉണ്ടെന്ന് അറിയിച്ചതിനു നന്ദി.. ഇനിയും പോസ്റ്റുമല്ലൊ?

    അടുത്ത അവധി വരവിനു കാസര്‍കോട്ടൊട്ട്‌ ഒന്നു വന്നൊട്ടെ...

  9. Unknown said...

    സഞ്ചാരി,
    ബാബു,
    മനൂ,
    ഞാന്പ്പോ എന്ത്യേപ്പാ ന്ങ്ങളോടെല്ലാം പറേണ്ടത്?
    എല്ലാരും ബന്നിറ്റ് ബായ്ച്ചിറ്റ് ഐപ്രായം പര്‍ഞ്ഞപ്പോ എന്‍‌ക്ക് നല്ല പാങ്ങായി.
    ബീട്ട്‌ല് കുഞ്ഞോക്കെല്ലം സുഖോന്നല്ലെ?
    എല്ലാരോടും ഞാന്‍ ചോയ്ച്ചിന്‌‌ന്ന് പര്‍ഞ്ഞറ് ട്ട്വൊ.

    ഈലേല്ലം ബെര്മ്പം ഒരിക്ക ഈട മീത്തക്കേറീറ്റ് പോണൊട്ട്വൊ എപ്പളും.എന്തെങ്കിലും കുള്‍ത്തിന്റെ ബെള്ളൊറ്റൊ ഇണ്ടെങ്കില് കുട്‌ച്ചിറ്റ് ത്‌മ്മാനും ത്‌‌ന്ന്‌റ്റ് പൂആപ്പാ.
    ന്‌ങ്ങളേല്ലം കാണ്‌മ്പൊ എന്‍‌ക്കെന്റെ കുഞ്ഞോളക്കാണാത്തേന്റെ പൊഞ്ഞാറെല്ലാം മാറ്‌ന്ന്‌ന്ന്.

    ഞാന്‍ കുറച്ച് സമയത്തേക്ക് ഒരു തനി കാഞ്ഞിരോട്ടുകാരനായിപ്പോയോ എന്നൊരു സംശയം.ഇവിടെ വരികയും കുറെ പദങ്ങളെ പരിചയപ്പെടുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി.

    മനു, കാസറഗോഡേക്ക് എപ്പോഴും സ്വാഗതം.

    താങ്കളുടെ അവധിക്കാലത്ത് എനിക്ക് അവധിക്കാലമല്ലെങ്കിലും മറ്റു ബ്ലോഗന്മാരാരെങ്കിലും ഉണ്ടാകും സഹയിക്കന്‍.

  10. Areekkodan | അരീക്കോടന്‍ said...

    ഞാന്‍ ആലോചിക്കാ... ഇതിണ്റ്റെ ഒര്‌ മലപ്പുറം വേര്‍ഷന്‍.. ബൂലോകം മുയ്മന്‍ കിടുങ്ങും...അതോണ്ട്‌ മാണ്ട...

  11. Unknown said...

    അരീക്കോടാ:)
    എന്തായാലും ബന്ന്വല്ലോ നല്ലതായി.ന്ങ്ങളും ഇത്‌ പോല്‍ത്തൊന്ന് എഇതീനെങ്കില് കൊര്‍ച്ച് മലപ്പൊറം ബാഷ ഞാങ്ങക്കും പടിക്കാര്‍ന്നു . ബൂലോകം മുയ്മന്‍ ക്‌ട്ങ്യാലും ഞാങ്ങൊ ക്‌‌ട്ങ്ങുന്നൊന്നും ബിചാരിക്കണ്ടാട്ട്വോ.

  12. തറവാടി said...

    പൊതുവാളന്‍,

    എന്നെ അദിശയപ്പിക്കുന്ന ഒരു വാക്കുണ്ട്

    “എപ്പരം” ഇതിനര്‍ഥം “ എപ്പോള്‍“ എന്നാണോ
    അതോ “ഒപ്പം” എന്നാണോ ,

    ഇന്നും സംശയം!!

  13. Unknown said...

    തറവാടി,
    വന്നതിനും വായിച്ചതിനും നന്ദി.
    “എപ്പരം” ഇതിനര്‍ഥം “ എപ്പോള്‍“ എന്നാണെന്നാണ് തോന്നുന്നത് ,"ഒപ്പം "എന്നതിന് എന്റെ ഗ്രാമത്തില്‍ “ഒക്ക“ (ഉദാ: ഒക്ക പോകാം)എന്നാണ് ഉപയോഗിക്കുന്നത്.ഇതേ വാക്ക് മുസ്ലീം സമുദായത്തില്‍പ്പെട്ട ആളുകള്‍ ചോദ്യരൂപേണ “ഒക്കാ?” എന്നു പറഞ്ഞാല്‍ അതേയോ? എന്നും അര്‍ത്ഥം വരുന്നു.

  14. Raghavan P K said...

    കാസര്‍കോട് ജില്ലയില്‍ മാത്രമല്ല ഇതില്‍ നല്ലൊരു ശതമാനം കണ്ണൂരിനും അവകാശപ്പെടാം.ഇന്നും നാട്ടുഭാഷ പലരും കളിയാക്കുന്ന ഒരു പ്രവണത മാ‍റ്റിയെടുക്കാന്‍ ഇതു വളരെ സഹായകമാകും.നാട്ടുമൊഴികള്‍ ഇങനെയൊരു പോസ്റ്റ് മൂലം വായിക്കാന്‍ അവസരമെരുക്കിയതിന്നു പൊതുവാളന് എത്ര നന്ദി പറഞാലും അധികമാവില്ല.

    പുതിയ തലമുറ ഇതു പോലുള്ള നാടന്‍ മൊഴികള്‍ മറന്നു പോകാതിരിക്കട്ടെ.

  15. Unknown said...

    രാഘവന്‍ പി കെ.:)
    ബന്ന് ബായിച്ചിറ്റ് ഐപ്രായം പര്‍ഞ്ഞേന് സന്തോഷം.എന്റെ പോസ്റ്റിലെല്ലം ആ മുന്തി മുന്തി ബന്നിറ്റ് ഐപ്രായം പര്‍ഞ്ഞതൊന്നും ഞാന്‍ മര്‍ന്നിറ്റാട്ട്വോ.
    ന്‌ങ്ങോല്ലം ഇങ്ങനെ പറീമ്പം നമ്മളെ നാടന്‍ ബാക്കും ബര്‍ത്താന്വെല്ലം ഒര്‍ത്തിക്കൂട്ടിറ്റ് ബന്തവസ്സാക്കിറ്റ് നാളേത്തെ കുഞ്ഞ്യോക്ക് ബാക്ക്യാക്കണംന്ന്ണ്ട്.

  16. കുറുമാന്‍ said...

    വായിക്കണം, ഇത് മനസ്സിരുത്തി വായിക്കണം. നന്നായി വായിച്ച്, മനസ്സിലാക്കിയിട്ട് വിശദമായി കമന്റാംട്ടോ

  17. സഞ്ചാരി said...

    തറവാടിക്കുവേണ്ടി- എപ്പറം എന്നു പറഞ്ഞാല്‍ ഏതു ഭഗത്ത്.
    എപ്പറം = ഏതു ഭാഗത്ത്, എവിടെ
    ഇപ്പറം = ഈ ഭാഗത്ത്, ഇവിടെ

  18. Kumar Neelakandan © (Kumar NM) said...

    പൊതുവാളെ ഇതില്‍ പകുതിയും ഞാന്‍ കേട്ടിട്ടു പോലും ഇല്ല പക്ഷെ നാഴി ഉരി തുടങ്ങിയവ ഞങ്ങടെ നാട്ടിലും ഉണ്ട്.

    രസകരമായ ഒന്നു. ഞങ്ങളും കടുകിനു കടു എന്നുമാത്രമേ പറയാറുള്ളു.