Wednesday, December 20, 2006

അക്ഷരദീപം

അ .....അമ്മ,
ആ..... ആയുധം ,
യുദ്ധം............,

അമ്മയുമുമ്മയും അലമുറയിടുന്നു,
ആരുമില്ലേ നേര്‍വഴി നയിക്കാന്‍?

ഇടയില്‍ക്കിടക്കുന്ന നെല്ലിനെയരിയാക്കിയും
ഈയരിച്ചോറുണ്ണും വയര്‍ വേറെന്നോര്‍ക്കാതെ

ഉരലുമുലക്കയും യുദ്ധമെരിപൊരി
ഊക്കുള്ളവന്‍ കലിതുള്ളിത്തിളയ്ക്കുന്നു.

എന്തിനായ് കേഴുന്നുവോ വിശക്കുംവയര്‍,
ഏതൊരു കോണിലും കാണ്മതില്ലാരുമേ.

ഐക്യമുടയ്ക്കുവാന്‍ നമ്മളുയര്‍ത്തുന്നു
ഒന്നായ നമ്മള്‍ക്കിടയില്‍ മതിലുകള്‍
ഓര്‍ക്കുകില്‍ ജീവിതമെന്തൊരു ദൈന്യത
ഔദാര്യമായി ഭവിക്കുമീ യാത്രയില്‍.

അക്ഷരദീപം കൊളുത്തിടാം പാതയി-
ലൊറ്റയ്ക്കല്ലെന്നു നാമന്യോന്യമോതിടാം.

പൊതുവാളന്‍:

Monday, December 18, 2006

ചിത(ഗതം)

അഗ്നിയെ ഭയമില്ല ,കൊളുത്തുവിന്‍
കത്തിയമരുവാന്‍ തന്നെ ജനിച്ചു ഞാന്‍.

പുതുമഴ തണുപ്പിച്ച നാള്‍‌കളിലീമണ്ണില്‍
പുതഞ്ഞു കിടന്നു തണുപ്പകറ്റി.
ചെറിയൊരു പുതുമുളയൊരുനാളീ-
ലോകത്തെപ്പതിയേ മിഴി തുറന്നെത്തി നോക്കി,
പ്രഭയാം കരങ്ങളാല്‍ മെല്ലെത്തഴുകിയാ
ഭാസ്‌ക്കരനെന്നെപ്പിടിച്ചുയര്‍ത്തി.

പാതയോരത്തു ഞാന്‍ നില്‍ക്കവെ
എന്നുടെ ശാഖകളെത്രപേര്‍ക്കാശ്രയമായ്
വാടിത്തളര്‍ന്നെത്തും യാത്രികരും
പിന്നെ പാറിത്തളര്‍ന്ന പറവകളും
വന്നിരുന്നു മമ ചുറ്റിലും എന്നുടെ
ഉള്‍പ്പുളകം പുഷ്പവൃഷ്ടിയായി.

പാത തൂക്കുവാന്‍ വന്നൊരാള്‍ ചൊല്ലി-
യിതെന്തു കഷ്ടമീ വന്‍‌മരം കാരണം,
പിന്നിലായിപ്പണിതൊരു കെട്ടിട-
മെന്‍‌തടിയാല്‍ മറഞ്ഞതെന്‍ നാശമായ്.

നിയമപാശവും നുണയുടെ വേലിയും
തീര്‍ത്തുകൊണ്ടെന്റെ തായ്‌വേരറുത്തവര്‍
ചിതലരിച്ചൊരെന്‍ ദേഹവുമിന്നിതാ
ചിതയൊരുക്കുന്നനാഥ ദേഹത്തിനായ്.

എന്റെ ജീവിതം സഫലമാകുന്നിതാ
അഗ്നി ശുദ്ധി ചെയ്യുന്നെന്റെ ജീവനെ
യാത്രയാകുന്നു പഞ്ചഭൂതങ്ങളായ്
മാറ്റമില്ലാത്തൊരൂര്‍ജ്ജപ്രവാഹമായ്.

Thursday, December 07, 2006

മാറ്റം (കവിത)





ആരോ വിളിച്ചുണര്‍ത്തുന്നു.

ഉണര്‍ന്നിരിക്കുന്ന ഈ ഉറക്കത്തില്‍ നിന്ന് ,
കണ്ടു കൊണ്ടിരിക്കുന്ന ഈ അന്ധതയില്‍ നിന്ന് ,
ബധിരത നടിക്കുന്ന കോലാഹലങ്ങളില്‍ നിന്ന്.

വീണ്ടും കലണ്ടര്‍ മാറ്റുവാന്‍ കാലമായ്.

പ്രായം പ്രദര്‍ശിപ്പിക്കുന്ന പ്രതലങ്ങളില്‍
അങ്ങിങ്ങ് ചില നിമ്ന്നോന്നതങ്ങള്‍,
വയസ്സൊന്നു കൂടി.

വരിക്കച്ചക്കക്കുരുവും അതിരിലെ പുളിമാങ്ങയണ്ടിയും
വീണ്ടുമീരില വിടര്‍ത്തി,
ഭൂതകാലത്തിലേക്ക് വന്മരമായി വളരാന്‍.

ചുറ്റിലുമെല്ലാം മാറുന്നു.

ഭരണം, മരണം, പ്രണയം-
പരിഭവമാര്‍ക്കുമില്ല, കാരണം
സ്‌നേഹമില്ലന്യോന്യമതിനായ് നേരോമില്ല.

അര്‍ത്ഥമില്ലാത്തൊരു വാക്കു മാത്രമോ ‘സ്‌നേഹം‘
വിപണി നല്‍കും രുചിയേറിയ ‘ദ്രുതഭക്ഷണം‘ ,
ജീവിതമനര്‍ത്ഥമായ്ത്തീര്‍ക്കുമീ ഗതിവേഗം
എങ്ങോട്ടു നയിക്കുമീ പുതിയ നൂറ്റാണ്ടിനെ?

മാറ്റമില്ലാതെയെന്നും തുടരും മാറ്റമാണീ,
കാലത്തിന്‍ മാറ്റമതിനൊരു മാറ്റവുമില്ല.


Thursday, November 23, 2006

കാസറഗോഡ്: പ്രാദേശിക നിഘണ്ടു

കാസറഗോഡ്‌: പ്രാദേശിക നിഘണ്ടു
കാഞ്ഞിരോട്‌ =കാസറഗോഡ്‌
കുഞ്ഞി = കുട്ടി
ഇച്ചാല് =തൊട്ടില്‍
കംബായം = ലുങ്കി
ബെല്ലിച്ചന്‍ = മുത്തച്ഛന്‍
‍ബെല്ലിമ്മ =മുത്തശ്ശി
തൊണ്ടന്‍ =കിഴവന്‍
തൊണ്ടി =കിഴവി
മച്ചിനിയന്‍ =മച്ചുനന്‍ (മുറച്ചെറുക്കന്‍)
മച്ചിനിച്ചി =മുറപ്പെണ്ണ്‌(മാതൃ സഹോദരന്റെ,പിതൃസഹോദരിയുടെ മക്കള്‍)
ഏട്ടന്‍ = ചേട്ടന്‍
ഏട്ടി =ചേച്ചി ( ചേട്ടത്തിയമ്മ)
എളേപ്പന്‍ = കൊച്ചച്ഛന്‍( അച്ഛന്റെ അനുജന്‍, അമ്മയുടെ അനുജത്തിയുടെഭര്‍ത്താവ്‌ )
എളേമ്മ = അച്ഛന്റെ ,അമ്മയുടെ അനുജത്തി.
മുത്തപ്പന്‍ =അച്ഛന്റെ ചേട്ടന്‍,അമ്മയുടെ ചേച്ചിയുടെ ഭര്‍ത്താവ്‌
മൂത്തമ്മ =അച്ഛന്റെ ,അമ്മയുടെ ചേച്ചി
വന്നിന് = വന്നിരുന്നു
പോയിന് =പോയിരുന്നു
ആട = അവിടെ
ഈട = ഇവിടെ
ഏട = എവിടെ
കാലി = പശു
എരുത് =കാള
ഞേങ്ങല് =കലപ്പ
ഒദംബ = പാത്തി(വെള്ളം തേവാന്‍ ഉപയോഗിക്കുന്നു)
ഓളിയ = ചാല് (കൃഷിയിടത്തില്‍ വള്ളം ഒഴുക്കുന്ന)
കൂഅല് = കൃഷിയിടത്തിലെ ചെറിയ വെള്ളക്കുഴി
പാനി = കുടം
മുരുട = മൊന്ത
പോലി =ഏഷണി
എന്തന്ന്‌ (എന്ത്യേന്‍) =എന്താണ്
ആക്കുന്നത് = ചെയ്യുന്നത്‌
മേങ്ങുക = വാങ്ങുക
വിക്കുക =വില്‍ക്കുക
കക്കന്‍ = വിക്കന്‍ ( വിക്കുള്ളവന്‍)
കോസുക്കണ്ണന്‍ = കോങ്കണ്ണന്
‍പിഞ്ഞാണം (കുഞ്ഞാണം) = പ്ലേറ്റ്‌
കൂട്ട്വേന്‍ = കറി
കയില് =തവി
കുള്ത്ത്‌ = പഴങ്കഞ്ഞി
കോരിക്ക്‌ടി = സ്പൂണ്
ഉണ്ട (പലഹാരം) = കൊഴുക്കട്ട
ഒലക്ക =ഉലക്ക
കൈക്കോട്ട്‌ =മണ്‍വെട്ടി
പിക്കാസ് =തൂംബ
മൌ =മഴു
തെരയുക = ഉരുളുക
ചാടുക =കളയുക
ചത്തു = മരിച്ചു
പെറ്റു = പ്രസവിച്ചു
തെരളുക = ഋതുമതിയാകുക
കരിപ്പക്കാരിത്തി = ഗര്‍ഭിണി
കരിപ്പം = ഗര്‍ഭം
അടിയന്തിരം (ചാവ്‌) = പുലകുളി ( മരണാനന്തരക്രിയ)
ചേരല് = ചേര് (കശുമാവല്ല)
ജാതി =തേക്ക്‌
പറങ്കി മാവ്‌ = കശുമാവ്‌
കൊരട്ട =കശുവണ്ടി
ഈന്ത്‌ = ഈന്തപ്പന
എളന്നറ്‌ =ഇളനീ
ര്‍കരിങ്കന്ന്‌ = പഴുതാര
ചേരട്ട =തേരട്ട
ഒള്ള = നീര്‍ക്കോലി
കെട്ടെളേപ്പന്‍ =ശംഖുവരയന്‍
മണ്ഡലി =അണലി
കരിനാടന്‍ =രാജവെമ്പാല
കോയി = കോഴി
ന്പ്പുല്ല്‌ = വൈക്കോല്‍
പുല്ലുങ്കയ = വൈക്കോല്‍ത്തുറു
പിന്മൊഴിയിലൂടെ ഒഴുകിയൊഴുകി ഇവിടെയെത്തിയപ്പോള്‍, കുറച്ച്‌ നാള്‍ മുമ്പ് എന്റെയൊരു സുഹൃത്ത്‌ കോളിച്ചാല്‍മധു ആവശ്യപ്പെട്ടതനുസരിച്ച്‌ ചെയ്യണമെന്നുദ്ദേശിച്ച്‌ നിരന്തരം മാറ്റിവെച്ചുകൊണ്ടിരിക്കുന്ന ഒരു വിഷയമാണല്ലൊ ഇതെന്നോര്‍ത്തു.
പിന്നെ താമസിച്ചില്ല പെട്ടെന്നോര്‍മ്മയില്‍ വന്ന കുറേയെണ്ണം എടുത്തു നിരത്തി ,ഇതില്‍ എല്ലാം കാസറഗോഡന്‍ വാക്കുകള്‍ മാത്രമാണെന്നൊന്നും അവകാശപ്പെടാന്‍ ഞാനില്ല,ഒരുപക്ഷെ മറ്റെവിടെയെങ്കിലും ഉപയോഗത്തിലുണ്ടാവാം എനിക്കറിയില്ല.
എന്റെ അറിവില്‍ ഇവയൊക്കെ ബഹുഭാഷാ സംഗമ ഭൂമിയായ കാഞ്ഞിരോ‍ട്ടുകാരുടെ മണ്മറഞ്ഞുപോയിക്കൊണ്ടിരിക്കുന്ന നിഷ്ക്കളങ്കതയുടെ നിക്കൂട്ടുകളാണ്.അതിനാല്‍ എന്നെയാരും ചോരരാജാവെന്ന ബഹുമതി തന്ന് , ഒടിവായോ നാട്ടാരേ എന്നുവിളിച്ച് ,വഴിപോക്കര്‍ക്കു കൂടി ഒരു ബുദ്ധിംമട്ടുണ്ടാക്കരുത്‌ എന്നപേക്ഷിക്കുന്നു
.

Monday, September 18, 2006

നിങ്ങളുടെ വീതം ( കവിത )



പത്രത്താളുകള്‍ മറിക്കുവാന്‍ ഭയമാണ്,
ഉള്‍‌വലിയാമെന്നാകില്‍ എവിടെയെന്‍ പുറന്തോട്‌?
മുയലിന്‍ കുതിപ്പുമയ് തലമുറ പറന്നതീ,
മുള്‍‌പ്പടര്‍പ്പുകള്‍ മൂടും തമസ്സിന്‍ ലോകത്തേക്കോ?
അരക്ഷിതത്വം ഘോരമേഘമാലകളായ്
സന്തോഷതീരത്തിനെ ഭീതിയായ് മൂടുന്നുവോ?
നിസ്സം‌ഗത മഞ്ഞു പാളി പോല്‍
മേല്‍ മേല്‍ വന്നടിയുന്നോ വീണ്ടും?
അരുതു കാട്ടാളത്തമെന്നു ചൊല്ലിയ
കവിയിന്നു മൌനത്തിന്റെ പിന്നിലൊളിക്കുന്നോ?

എഴുതിപ്പഠിച്ചതും പാടിപ്പതിഞ്ഞതു-
മെല്ലാം ജലരേഖ പോലെ മറയുന്നു.
സാത്താന്‍,സുഖഭോഗ മോഹങ്ങളായ് വന്നാ
കണ്ണിന്റെ കാണാനുള്ള കഴിവും കെടുത്തിയീ
മര്‍ത്യനെ മാടായ് മാറ്റു,മതിനില്ലാല്ലോ-
മാതാവേതെന്ന നിനവുകള്‍,
സിരയില്‍ രതി ദാഹം ജ്വാലയായ് പടരുമ്പോള്‍.


എന്നുമുണ്ടോരോ വാര്‍ത്ത:
കുട്ടിയെ കാണാനില്ല, പീഠന പര‍മ്പര
മാതാക്കള്‍, പിതക്കന്‍‌മാര്‍, ഗുരുവും പ്രതിക്കൂട്ടില്‍.


ഭയമാണെല്ലാവര്‍ക്കുമന്യോന്യം,
ആര്‍ക്കെപ്പോഴാണ് പുതിയ-
യുഗത്തിന്റെ പേബാധ തുടങുക,
രതി തന്‍ ചതിയുടെ ദംഷ്ട്രകള്‍ മുളയ്ക്കുക
എന്നറിയില്ലല്ലോ,എന്റെ
കുഞ്ഞിനെ ഞാനെങ്ങനെപ്പകല്‍ വെട്ടത്തിലും
പാതയിലൊറ്റയ്ക്കു യാത്രയാക്കും?.


പാഴ്വി‌ചാരങ്ങളാണെന്നാലുമിന്നെന്‍ നെഞ്ചില്‍
പേറുന്ന ഭാരം നിങ്ങള്‍‌ക്കെല്ലാര്‍ക്കും വീതിക്കാം ഞാന്‍.



.....................................................

Thursday, September 14, 2006

ആയുധത്തിനു വകതിരിവുണ്ടോ?

ആയുധത്തിനു വകതിരിവുണ്ടോ?

ശ്രീ പെരിങ്ങോടന്റെ, എന്റെലോകത്തില്‍ 'ബാലചന്ദ്രനിതെന്തുപറ്റി' എന്ന കുറിപ്പും നാല്‍പ്പത്തഞ്ചോളം പിന്മൊഴികളിലൂടെ നടന്ന സംവാദവും വായിചു. സമകാലിക സാഹിത്യവേദിയില്‍ സജീവമായിരുന്ന ഒരു ചര്‍ച്ചാവിഷയമായിരുന്നു അത്‌. അതിനെ വ്യത്യസ്ത തലങ്ങളില്‍ നിന്നുകൊണ്ടു സമീപിച്ച എല്ലവരോടും എന്റെ ചില ആശങ്കകളും, ആശകളും കൂടി ഞാന്‍ പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നു.
മുത്തശ്ശിമാര്‍ പറഞ്ഞു കേട്ടിട്ടൂള്ളതു പോലെ, 'ഈ കലികാലത്ത്‌ മണ്ണും പെണ്ണും ചമഞ്ഞ്‌, പ്രളയമടുക്കുമ്പൊള്‍'(പ്രളയമോ, ഒരു മൂന്നാം ലോകയുദ്ധമോ?), രക്ഷകനും ശിക്ഷകനുമായ ശസ്ത്രം ഏതു വേഷമണിയണമെന്നറിയാതെ അന്തിച്ചുനില്‍ക്കുമ്പോള്‍, ലോകാവസാനം എത്രയും നേരത്തേയാക്കാന്‍ അസഹിഷ്ണുതയുടെ കൊടുമുടികളായ ചിലര്‍ വര്‍ഗ്ഗീയഭ്രാന്തും, ലോകം കീഴടക്കാനുള്ള ആര്‍ത്തിയുമായി ലോകജനതക്കുമുന്നില്‍ ഭീകരരൂപം പൂണ്ട്‌ ചോദ്യചിഹ്നമാവുന്ന കാലഘട്ടത്തിലാണു നമ്മളിന്നു ജീവിക്കുന്നത്‌.ഇതൊന്നും കാണാന്‍ കഴിയാതെ നമ്മളിപ്പോഴും ജതിചിന്തയും, ചാതുര്‍വര്‍ണ്ണ്യവും, അയല്‍ക്കാരന്റെ മതവും മദപ്പാടും ചര്‍ച്ച ചെയ്ത്‌ സമയം കളയുകയല്ലെ?.
'ആദ്യം വീടു നന്നാക്കുക പിന്നെ നാടു നന്നാക്കാം' എന്നു പറയുമ്പോലെ, ആദ്യം അവനവന്റെ മനസ്സു നന്നാവട്ടെ.പിന്നീട്‌ നമ്മുടെ നമ്മുടെ മാതൃരാജ്യത്തെ സ്വന്തം വീടായി സങ്കല്‍പിച്ച്‌പരസ്പരകലഹം അതെന്തിന്റെ പേരിലായാലും ഒഴിവാക്കുക.അതിനുള്ള പോംവഴിയാണു നാമിപ്പോള്‍ ചിന്തിക്കേണ്ടത്‌.
നാട്ടില്‍ നടക്കുന്നകൊച്ചുകലഹങ്ങള്‍ക്കയാലും ആഗോളഭീകരതയ്ക്കായാലും ഇന്ന്‌ കാരണം മേല്‍പ്പറഞ്ഞ ജതി മത വര്‍ണ്ണവ്യവസ്തകളാണ്‌. തൊഴിലില്ലാത്ത യുവജനതയെ പലരീതിയില്‍ സ്വാധീനിച്ച്‌,വഴിതെറ്റിച്‌, വര്‍ഗ്ഗീയഭ്രാന്തിലേക്കും പിന്നീട്‌ ഭീകരതയിലേക്കും നയിക്കുന്നവര്‍ ഒരിക്കലും മനസ്സിലക്കാത്ത ഒരു കര്യമുണ്ട്‌, 'ഇതുകൊണ്ടൊന്നും ഒരിക്കലും ആരും ഒന്നുംതന്നെ നേടുന്നില്ല.
പരസ്പരം സമന്വയമില്ലാതെ വേര്‍തിരിച്ച്‌ നിര്‍ത്തേണ്ട ഒരു സംസ്കാരവും, ഒരു മതവും ജാതികളും ഈ ഭൂമുഖത്തുണ്ടായിട്ടില്ല.പല മീന്‍പറ്റങ്ങള്‍ സ്വൈരവിഹാരം നടത്തുന്ന ഒരു ജലാശയത്തില്‍ ഒരുപറ്റം മീനിനെ മത്രം പിടിക്കാനായി നഞ്ചുകലക്കാന്‍ തുടങ്ങുന്ന വിഢ്യാസുരന്മാരാണ്‌ ലോകം നശിപ്പിക്കാനായി സ്വയം നശിപ്പിക്കുന്ന,ഭീകരവാദം പ്രചരിപ്പിക്കുന്നവര്‍.
'അയല്‍പക്കത്താണ്‌ കൂറെന്നു പറഞ്ഞു ശകാരിക്കുന്ന വീട്ടുകാരും, നമ്മളെ നശിപ്പിക്കാനാണ്‌ അയല്‍ക്കാരന്‍ പറയുന്നതും സ്നേഹം കാണിക്കുന്നതും എന്നറിയാതെ സ്വന്തം വീടിനു തീ കൊളുത്തുന്ന കുട്ടിയും' ഇതൊക്കെയാണ്‌ എന്റെ മനസ്സിലേക്കോടിയെത്തിയ ചിത്രങ്ങള്‍.ആര്‍ക്കാണ്‌ ഇവരെയൊക്കെ ഒന്നു തിരുത്താന്‍ കഴിയുക?.ചരിത്രത്തിലൂടെ തിരിഞ്ഞ്‌നടന്ന്‌, ഉറവിടം വരെ ചെന്ന്‌, മറ്റുസംസ്കൃതികളുടെ വന്നുചേരലിനുമുമ്പുള്ള ഭാരതീയസംസ്ക്കാരത്തെക്കുറിച്ചൊന്നു പഠിക്കാനും കണ്ടെത്തുന്നവ പങ്കു വെക്കാനും ആരെങ്ങിലുമൊന്നു മുന്നോട്ടു വന്നിരുന്നെങ്കില്‍...ഇന്നുള്ള തരത്തിലുള്ള ജാതിചിന്തയും ചാതുര്‍വര്‍ണ്ണ്യവും ചിന്തിക്കാന്‍ പോലും കഴിയാത്ത പച്ചമനുഷ്യരായി ജീവിച്ച ഭാരതീയരെയായിരിക്കും അവര്‍ക്കു കണ്ടെത്താന്‍ കഴിയുക.
ഈ വൈകിയ വേളയിലെങ്കിലും ഭാരതീയരായ എല്ലാവരുടെയും മതം ഭാരതീയത എന്നതാവണം. മറ്റെന്തൊക്കെയായാലും, ആരൊക്കെ തമ്മില്‍ തല്ലിയാലും, ലോകനാശകാരികളായ രാസ,ജൈവായധങ്ങള്‍ ഭാരതത്തിനു നേരെ പാഞ്ഞടുക്കുന്ന ഒരു സന്ദര്‍ഭമുണ്ടായാല്‍ ഇവനേതു മതക്കാരനാണ്‌, ഏതു ജാതിയാണ്‌,ആരെ എതിര്‍ത്തവനാണ്‌,ആര്‍ക്ക്‌ ജയ്‌ വിളിച്ചവനാണ്‌ എന്നൊക്കെ വേര്‍തിരിച്ചായിരിക്കില്ല നമ്മുടെ മേല്‍ സംഹാര താണ്ടവമാടുക.
ഇതു മനസ്സില്‍ വെച്ച്‌ ജാതി,മത,വര്‍ണ്ണ,വര്‍ഗ്ഗവ്യ്ത്യാസമില്ലാതെ ഓരോരുതരും മനുഷ്യരായി മാറാനും മറ്റുള്ളവരെയും മനുഷ്യരായിക്കാണാനും ഇടവരട്ടെ എന്ന്‌ പ്രാര്‍ഥിക്കുന്നു.
ലോകാ സമസ്താ:
സുഖിനോ ഭവന്തു:

Wednesday, September 13, 2006

മലയാളം

സ്നേഹത്തിന്റെ തേനുറവ വറ്റാതെ അന്തിക്കു കൂടണയുന്ന മക്കളെയും കാത്തിരിക്കുന്ന എല്ലാ അമ്മമാര്‍ക്കും.......

അമ്മേ, നിന്റെ താരാട്ടുപാട്ടിലെ
വര്‍ണ്ണ മാരിവില്ല് മലയാളം

നീ ചുരത്തിയൊരമൃതബിന്ദുവിന്‍
‍ജീവമാധുര്യം മലയാളം

നിന്റെയക്ഷയ പാത്രമേകുന്ന
കഥകളെന്നുമെന്‍ മലയാളം.

ഞാന്‍ പിറന്നൊരാ ഗ്രാമഭൂമി തന്‍
മന്ദഹാസം മലയാളം.

കവിത മൂളിക്കൊണ്ടൊഴുകുമരുവി തന്‍
കളകളാരവം മലയാളം.

സ്നേഹഭാവനയ്ക്കിമ്പമേകുന്ന
താളമെന്നും മലയാളം.

ഭാവഗീതികള്‍ക്കീണമേകുന്ന
രാഗമെന്നും മലയാളം.

നിന്റെ മക്കളീ ലോകമൊട്ടുമേ
നിന്‍ യശസ്സുയര്‍ത്തീടവെ-

നിര്‍മ്മലന്മാരാം എന്റെ സോദരര്‍-
ക്കമ്മ തന്നെ മലയാളം.

പൊതുവാളന്‍

Sunday, September 10, 2006

കാഞ്ഞിരോടന്‍ കഥകള്‍

നമസ്ക്കാരം.......
അങ്ങനെ അവസാനം ഞാനും ഈ ബൂലോകത്ത്‌ ഒരു URL മണ്ണിനവകാശിയായി.വെറുമൊരു വഴിപോക്കനായിരുന്ന എന്നെ ഈ ബൂലോകത്തെ മണ്ണും, മനുഷ്യരും, മായക്കഴ്ചകളും, മനം കവരുന്ന പിന്‍മൊഴികളും എല്ലാം എല്ലാം വളരെയേറെ ആകര്‍ഷിച്ചപ്പോള്‍ വാശിയോടെ പരിശ്രമിച്ച്‌ ഞനിതാ നിങ്ങളുടെ അടുത്തെത്തുകയാണ്‌. ഇനി ഈ പൈതലിനെ കൈ പിടിച്ചുമുന്നോട്ടു നയിക്കാന്‍ നേര്‍വഴി കാട്ടിത്തരാന്‍ ബൂലോകത്തെ എല്ലാ ചേട്ടന്മാരും ചേച്ചിമാരും ഉണ്ടാകും എന്ന വിശ്വാസത്തോടെ ഞാന്‍ പിച്ച വെച്ചു തുടങ്ങട്ടെ.എല്ലാര്‍ക്കും എന്റെ നമസ്ക്കാരം.......