Monday, January 29, 2007

മുന്‍‌വിധി (കവിത)

ഒരു നാള്‍ വരും
ദിഗ്‌വിജയങ്ങള്‍ക്കുമപ്പുറം
ആറടിമണ്ണൊഴിച്ചൊന്നും
നിനക്കുള്ളതല്ലെന്ന വിധി വരും.

അതിനെയൊരു തടസ്സവിധിയും
നേടി നേരിടാനാവില്ല.

പരോളിലിറങ്ങിയ പ്രതിയായ
നിന്നെത്തിരഞ്ഞുനടക്കുന്നു,
ശൂന്യതയാല്‍ തീര്‍ത്തൊരു-
ചാണ്‍‌കയറുമായേതോ കാലം.

ഓടിയൊളിക്കാം,കളിക്കാം,
കളിപ്പിക്കാം, കളി കണ്ടു രസിക്കാം,
ഞാനെന്നഹങ്കരിച്ചീടാം.
മനസ്സെന്ന മായാമൃഗം
സ്വപ്നത്തേര്‍ വലിച്ചാ-
ദിനമണയും വരെ,
ശ്വാസമകലും വരെ.

7 comments:

  1. Unknown said...

    ‘അതിനെയൊരു തടസ്സവിധിയും
    നേടി നേരിടാനാവില്ല.‘

    ഇവിടൊരു ‘മുന്‍‌വിധി‘ (കവിത) ഇട്ടിട്ടുണ്ട് യാതൊരു മുന്‍‌‌വിധിയുമില്ലാതെ എല്ലാവരും വന്ന് ഇതിന്റെ വിധി പറയണമെന്നപേക്ഷിക്കുന്നു.

  2. സു | Su said...

    മുന്‍‌വിധി ഒന്നുമില്ലാതെ വായിച്ചു.

    നന്നായിട്ടുണ്ട്. ആദ്യത്തെ നാലു വരികള്‍ പ്രത്യേകിച്ചും.

  3. വേണു venu said...

    പൊതുവാളന്‍, ആറടി മണ്ണൊഴിച്ചൊരു വിധിയുമില്ല മുന്‍വിധിയായി. നന്നായിട്ടുണ്ടു്.

  4. Unknown said...

    സൂ ചേച്ചീ,
    വേണൂ,
    ഇവിടെ വന്നു കവിത വായിച്ചഭിപ്രായം പറഞ്ഞതിനു നന്ദി.

    മരണമെന്ന വിധിപത്രവുമേന്തിയാണ് പിറക്കുന്നതെന്നും, അതു നടപ്പാകുന്നതു വരെയുള്ള കാലയളവാണ് ജീവിതമെന്നും തിരിച്ചറിയുന്നുവെങ്കിലും ചുറ്റിലും നടക്കുന്ന ഓരോ മരണവും പലവിധ അവസ്ഥകളാണ് നമ്മളിലൊക്കെ ജനിപ്പിക്കുന്നത്.

    ഇപ്പോഴിതെഴുതാന്‍ കാരണം, പത്തു വര്‍ഷത്തോളമായി പല വിധ രോഗങ്ങള്‍ വേട്ടയാടിയപ്പോഴും മനസ്സുതളരാതെ അതിജീവിച്ച് പിടിച്ചു നിന്ന എന്റെ ഒരമ്മാവന്‍ ഇന്നലെ വിട പറഞ്ഞു.അതും ഈ കവിത പബ്ലിഷ് ചെയ്ത് മണിക്കൂറിനകം ഈ വിവരമറിഞ്ഞപ്പോള്‍ എന്റെ മനസ്സിലുണ്ടായ വികാരമെന്തെന്ന് പറഞ്ഞറിയിക്കാന്‍ പ്രയാസം.

    പ്രവാസഭൂമിയില്‍ നിന്നും എന്റെ ശ്രദ്ധാഞ്ജലിയായി ഞാനീ കവിത അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്കു മുന്നില്‍ സമര്‍പ്പിക്കുന്നു.

  5. സാരംഗി said...

    പൊതുവാളന്‍, 'മുന്‍ വിധി'യിലെ വരികള്‍ ഇഷ്ടമായി..

    "ഓടിയൊളിക്കാം,കളിക്കാം,
    കളിപ്പിക്കാം, കളി കണ്ടു രസിക്കാം,
    ഞാനെന്നഹങ്കരിച്ചീടാം.
    മനസ്സെന്ന മായാമൃഗം
    സ്വപ്നത്തേര്‍ വലിച്ചാ-
    ദിനമണയും വരെ,
    ശ്വാസമകലും വരെ"

    അമ്മാവന്റെ മരണത്തെപ്പറ്റി എഴുതിയതു വായിച്ചപ്പോള്‍ കവിതയ്ക്കു കൂടുതല്‍ അര്‍ഥം തോന്നുന്നു...മനസ്സില്‍ കനല്‍പ്പൊട്ടു പോലെ ഒരു നേരിയ വിഷമവും..

  6. G.MANU said...

    പിറകിലവനുണ്ടെന്നൊരോറ്‍മ്മവച്ചെങ്കിലും
    പഥികാ പുരട്ടുക സ്നേഹമെന്നില്‍....

    നിത്യസത്യമായ മരണത്തെകുറിച്ചെഴുതിയതിനു നന്ദി

  7. Unknown said...

    സാരംഗി,
    മനു.ജി,
    വന്ന് വായിച്ചഭിപ്രായം പറഞ്ഞതിനു നന്ദി.

    ഏവൂരാന്റെ കാഴ്ചക്കാരന്‍ എന്ന കഥയും വായിക്കുകയുണ്ടായി കുറച്ചു മുന്‍പേ.
    അതിലദ്ദേഹം പറഞ്ഞതു തന്നെയല്ലേ( അല്ലെങ്കിലൊരു വകഭേദമല്ലേ) ഞാനും പറയാന്‍ ശ്രമിച്ചത് എന്നാണെനിക്കപ്പോള്‍ തോന്നിയത്.