Monday, December 18, 2006

ചിത(ഗതം)

അഗ്നിയെ ഭയമില്ല ,കൊളുത്തുവിന്‍
കത്തിയമരുവാന്‍ തന്നെ ജനിച്ചു ഞാന്‍.

പുതുമഴ തണുപ്പിച്ച നാള്‍‌കളിലീമണ്ണില്‍
പുതഞ്ഞു കിടന്നു തണുപ്പകറ്റി.
ചെറിയൊരു പുതുമുളയൊരുനാളീ-
ലോകത്തെപ്പതിയേ മിഴി തുറന്നെത്തി നോക്കി,
പ്രഭയാം കരങ്ങളാല്‍ മെല്ലെത്തഴുകിയാ
ഭാസ്‌ക്കരനെന്നെപ്പിടിച്ചുയര്‍ത്തി.

പാതയോരത്തു ഞാന്‍ നില്‍ക്കവെ
എന്നുടെ ശാഖകളെത്രപേര്‍ക്കാശ്രയമായ്
വാടിത്തളര്‍ന്നെത്തും യാത്രികരും
പിന്നെ പാറിത്തളര്‍ന്ന പറവകളും
വന്നിരുന്നു മമ ചുറ്റിലും എന്നുടെ
ഉള്‍പ്പുളകം പുഷ്പവൃഷ്ടിയായി.

പാത തൂക്കുവാന്‍ വന്നൊരാള്‍ ചൊല്ലി-
യിതെന്തു കഷ്ടമീ വന്‍‌മരം കാരണം,
പിന്നിലായിപ്പണിതൊരു കെട്ടിട-
മെന്‍‌തടിയാല്‍ മറഞ്ഞതെന്‍ നാശമായ്.

നിയമപാശവും നുണയുടെ വേലിയും
തീര്‍ത്തുകൊണ്ടെന്റെ തായ്‌വേരറുത്തവര്‍
ചിതലരിച്ചൊരെന്‍ ദേഹവുമിന്നിതാ
ചിതയൊരുക്കുന്നനാഥ ദേഹത്തിനായ്.

എന്റെ ജീവിതം സഫലമാകുന്നിതാ
അഗ്നി ശുദ്ധി ചെയ്യുന്നെന്റെ ജീവനെ
യാത്രയാകുന്നു പഞ്ചഭൂതങ്ങളായ്
മാറ്റമില്ലാത്തൊരൂര്‍ജ്ജപ്രവാഹമായ്.

6 comments:

  1. Abdu said...

    please, ആ അക്ഷരങ്ങള്‍ സാധാരണ് നിറത്തിലാക്കൂ,

    വായിക്കാന്‍ പറ്റുന്നില്ല.

  2. വേണു venu said...

    പൊതുവാളെ,
    വിലപിക്കുന്നു.
    പാത തൂക്കുവാന്‍ വന്നൊരാള്‍ ചൊല്ലി-
    യിതെന്തു കഷ്ടമീ വന്‍‌മരം കാരണം,
    പിന്നിലായിപ്പണിതൊരു കെട്ടിട-
    മെന്‍‌തടിയാല്‍ മറഞ്ഞതെന്‍ നാശമായ്.

    ഞാനും.
    മനോഹരം.

  3. വിഷ്ണു പ്രസാദ് said...

    കവിത ഉഗ്രനായിട്ടുണ്ട്.തൂപ്പുകാരന്റെ വാക്കുകളുടെ കണ്ടെടുക്കലും കവിതയില്‍ ചേര്‍ത്തുവെക്കലും തന്നെയാണ് ഈകവിതയില്‍ താങ്കള്‍ ചെയ്ത മോഹിപ്പിക്കുന്ന സംഗതി.ഈ വരിയില്‍ വ്യാകരണ പ്രശ്നമുണ്ടോന്ന് സംശയമുണ്ട്.ഉമേഷേട്ടനോട് ചോദിക്കൂ:
    പാറിത്തളര്‍ന്ന പറവകളും
    വന്നിരുന്നു മമ ചുറ്റിലും എന്നുടെ
    ഉള്‍പ്പുളകം പുഷ്പവൃഷ്ടിയായി.
    മമ=എന്റെ
    അര്‍ഥം ശരി തന്നെ.പക്ഷേ അപ്പുറത്തും ഇപ്പുറത്തുമുള്ള രണ്ട് പച്ച മലയാള വാക്കുകള്‍ക്കൈടയില്‍ അതിരിക്കുമ്പോള്‍ ഒരു കല്ലുകടി തോന്നുന്നില്ലേ.ഇതാവും കാര്യം.

  4. അനംഗാരി said...

    കവിത കൊള്ളാം. ആ വരികളുടെ നിറം ഒന്ന് മാറ്റു.

    ഓ:ടോ: വിഷ്ണു പറഞ്ഞ പിശക് ഒരു പിശകായി എനിക്ക് തോന്നുന്നില്ല. എന്നാല്‍ വരികള്‍ ചിലയിടങ്ങളില്‍ മുറിഞ്ഞതായി ഒരു തോന്നല്‍.

  5. Unknown said...

    ഇടങ്ങളെ, അനംഗാരി നിങ്ങളുടെ അഭിപ്രായം മാനിച്ച് അക്ഷരങ്ങളുടെ നിറം മാറ്റിയിരിക്കുന്നു. വേണു, വിഷ്ണു ഇനിയും വരിക നെല്ലും പതിരും ചികയാന്‍ എന്നെ സഹായിക്കുക.

  6. Vempally|വെമ്പള്ളി said...

    പൊതുവാളന്‍ ചേട്ടാ, കവിത നന്നായിട്ടുണ്ട് ഇനിയും എഴുതുക