Thursday, February 15, 2007

അശനിപാതം ( കവിത)

പ്രണയം പൂക്കുന്ന രാത്രികള്‍ക്ക്
ബോധം നശിപ്പിക്കുന്ന ഇരുട്ട് കൂട്ട്
പ്രബോധനവുമായി വന്നൊരാള്‍
പ്രണയത്തിന്റെ ഇരുട്ടറകള്‍ പൂകി

ഇന്ദ്രിയസുഖങ്ങള്‍ക്കപ്പുറം
ജീവിതം മറ്റൊന്നല്ലെന്ന നിനവില്‍
ഇരുട്ടറകളിലുള്ളതെല്ലാം പകല്‍ -
മാന്യതയുടെ മുഖം‌മൂടി ചൂടി
പരവേശം മൂര്‍ച്ഛിച്ചപ്പോള്‍
അവനവന്റെ ചോര തന്നെ
ആവോളം കുടിച്ചു

രതിയുടെ വളര്‍ച്ചാസൂചിക
തിരിച്ചിറങ്ങാത്തൊരാകാശനൌകയാകാന്‍
പുത്തനിന്ധനം നിറച്ച് കുതിച്ച പരീക്ഷണപ്പറക്കലില്‍
ചിറകൊടിഞ്ഞ് തീപ്പിടിച്ച് നിലം പതിച്ചു.

Wednesday, February 14, 2007

ഒരു കൊച്ചു ചിന്ത.

സത്യം ചാരം മൂടിക്കിടക്കുന്ന കനലാണെങ്കില്‍ ,അസത്യം സൌന്ദര്യത്തിന്റെ വര്‍ണ്ണശബളിമ എടുത്തണിഞ്ഞ് ഏതു സൂര്യനേയും മോഹിപ്പിക്കാനാവുമെന്ന ഗര്‍വ്വ് നടിച്ച് നില്‍ക്കുന്ന കടലാസ് പൂക്കളല്ലേ?.

Monday, February 12, 2007

വൈകിയുദിക്കുന്ന വിവേകം.

ചിതലരിച്ച വാതിലും മഴവന്നാല്‍ ചോരുന്ന മേല്‍ക്കൂരയുമുള്ള കൂട്ടില്‍ അവളും അനിയത്തിയുമായിരുന്നു താമസം.

അനിയത്തി ഇത്തിരി അഹങ്കാരിയുമായിരുന്നു.തിന്നാനെന്തു കിട്ടിയാലും തന്റേതുകൂടി തട്ടിപ്പറിച്ച് ശാപ്പിടുന്ന അനിയത്തിയോടെന്നും അവള്‍ക്കു വെറുപ്പായിരുന്നു.

അങ്ങനെയുള്ളൊരു കലഹത്തിനിടെ ഇന്നലെ ആകാശത്ത് വട്ടമിട്ട് പറന്ന ഒരു കഴുകന്‍ അനിയത്തിയെ റാഞ്ചിയേടുത്തപ്പോള്‍ അവളുടെ മനസ്സില്‍ ആഹ്ലാദം നുരഞ്ഞിരുന്നുവോ?

ഇപ്പോള്‍ അവളുടെ കാലിലവന്‍ പിടുത്തമിട്ടപ്പൊള്‍ അവള്‍ ഓര്‍ത്തു ,‘ദുഷ്ടയാണെങ്കിലും ആര്‍ത്തിപ്പണ്ടാരമാണെങ്കിലും അനിയത്തിയുണ്ടായിരുന്നെങ്കില്‍ ഒച്ചയുണ്ടാക്കി ഗൃഹനാഥനെ ഉണര്‍ത്തുമായിരുന്നു.‘

ഇനിപറഞ്ഞിട്ടെന്താ വൈകിപ്പോയി.

Saturday, February 10, 2007

നിങ്ങളുടെ വീതം ( കവിത )

പത്രത്താളുകള്‍ മറിക്കുവാന്‍ ഭയമാണ്,
ഉള്‍‌വലിയാമെന്നാകില്‍ എവിടെയെന്‍ പുറന്തോട്‌?
മുയലിന്‍ കുതിപ്പുമയ് തലമുറ പറന്നതീ,
മുള്‍‌പ്പടര്‍പ്പുകള്‍ മൂടും തമസ്സിന്‍ ലോകത്തേക്കോ?

അരക്ഷിതത്വം ഘോരമേഘമാലകളായീ
സന്തോഷതീരത്തിനെ ഭീതിയായ് മൂടുന്നുവോ?
നിസ്സം‌ഗത മഞ്ഞു പാളി പോല്‍മേല്‍ മേല്‍ വന്നടിയുന്നോ വീണ്ടും?

അരുതു കാട്ടാളത്തമെന്നു ചൊല്ലിയ
കവിയിന്നു മൌനത്തിന്റെ പിന്നിലൊളിക്കുന്നോ?
എഴുതിപ്പഠിച്ചതും പാടിപ്പതിഞ്ഞതു-
മെല്ലാം ജലരേഖ പോലെ മറയുന്നു.

സാത്താന്‍,സുഖഭോഗ മോഹങ്ങളായ് വന്നാ
കണ്ണിന്റെ കാണാനുള്ള കഴിവും കെടുത്തിയീ
മര്‍ത്യനെ മാടായ് മാറ്റു,മതിനില്ലാല്ലോ-
മാതാവേതെന്ന നിനവുകള്‍,സിരയില്‍
രതി ദാഹം ജ്വാലയായ് പടരുമ്പോള്‍.

എന്നുമുണ്ടോരോ വാര്‍ത്ത:
കുട്ടിയെ കാണാനില്ല,പീഠന പര‍മ്പര
മാതാക്കള്‍, പിതക്കന്‍‌മാര്‍,ഗുരുവും പ്രതിക്കൂട്ടില്‍.

ഭയമാണെല്ലാവര്‍ക്കുമന്യോന്യം,
ആര്‍ക്കെപ്പോഴാണ് പുതിയ-
യുഗത്തിന്റെ പേബാധ തുടങ്ങുക,
രതി തന്‍ ചതിയുടെ ദംഷ്ട്രകള്‍ മുളയ്ക്കുക
എന്നറിയില്ലല്ലോ,എന്റെകുഞ്ഞിനെ
ഞാനെങ്ങനെപ്പകല്‍ വെട്ടത്തിലും
പാതയിലൊറ്റയ്ക്കു യാത്രയാക്കും?.

പാഴ്‌വിചാരങ്ങളാണെന്നാലുമിന്നെന്‍ നെഞ്ചില്
‍പേറുന്ന ഭാരം നിങ്ങള്‍‌ക്കെല്ലാര്‍ക്കും വീതിക്കാം ഞാന്‍.

Thursday, February 08, 2007

മലയാളം (കവിത)



സ്നേഹത്തിന്റെ തേനുറവ വറ്റാതെ അന്തിക്കു കൂടണയുന്ന മക്കളെയും കാത്തിരിക്കുന്ന എല്ലാ അമ്മമാര്‍ക്കും.......

അമ്മേ, നിന്റെ താരാട്ടുപാട്ടിലെ
വര്‍ണ്ണ മാരിവില്ല് മലയാളം

നീ ചുരത്തിയൊരമൃതബിന്ദുവിന്‍
‍ജീവമാധുര്യം മലയാളം

നിന്റെയക്ഷയ പാത്രമേകുന്ന
കഥകളെന്നുമെന്‍ മലയാളം.

ഞാന്‍ പിറന്നൊരാ ഗ്രാമഭൂമിതന്‍
മന്ദഹാസം മലയാളം.

കവിതമൂളിക്കൊണ്ടൊഴുകുമരുവിതന്‍ ‍
കളകളാരവംമലയാളം.

സ്നേഹഭാവനയ്ക്കിമ്പമേകുന്ന
താളമെന്നും മലയാളം.

ഭാവഗീതികള്‍ക്കീണമേകുന്ന
രാഗമെന്നും മലയാളം.

നിന്റെ മക്കളീ ലോകമൊട്ടുമേ
നിന്‍ യശസ്സുയര്‍ത്തീടവെ-

നിര്‍മ്മലന്മാരാം എന്റെ സോദരര്‍-
ക്കമ്മ തന്നെ മലയാളം.

കാഞ്ഞിരോടന്‍(കാസറഗോഡന്‍) മലയാളം
ഇവിടെ